സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ വരുന്നു

മസ്കത്ത്: ഒമാനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ വരുന്നു. സ്റ്റേറ്റ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ മേധാവികളെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 
വൈകാതെ ഉത്തരവ് നടപ്പില്‍ വരുമെന്നും നിലവില്‍വന്ന് ഒരു മാസത്തിനുള്ളില്‍ സ്വകാര്യ സ്വത്ത് വെളിപ്പെടുത്തേണ്ടി വരുമെന്നും ഫിനാന്‍ഷ്യല്‍ ഡിസ്ക്ളോസര്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ ഫാര്‍സി പറഞ്ഞു. ഇതിനായുള്ള ഫോറം ഓണ്‍ലൈനില്‍ ലഭ്യമാക്കും. 
സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സര്‍ക്കാറിന് 40 ശതമാനം വരെ ഓഹരിയുള്ള കമ്പനികളിലെ ജീവനക്കാരും നിയമത്തിന്‍െറ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തേണ്ടിവരും. റിയല്‍ എസ്റ്റേറ്റ്, മറ്റ് ആസ്തികളില്‍നിന്നുമുള്ള വരുമാനം, ഒമാനിലും വിദേശത്തും കൈവശമുള്ള കറന്‍സിയുടെ അളവ് തുടങ്ങി സ്വകാര്യ സ്വത്തിന്‍െറ എല്ലാ സ്രോതസ്സുകളും വെളിപ്പെടുത്തേണ്ടിവരും. 
ബാധ്യതകളെ കുറിച്ച വിവരവും നല്‍കണം. കമ്പനികളിലെ ഓഹരികള്‍, സംഘടനകളിലെ അംഗത്വം, 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടേതടക്കം കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കേണ്ടിവരും. ആയിരം റിയാലിന് മുകളിലുള്ള എല്ലാ വാങ്ങലുകളെ കുറിച്ച വിവരവും പുതിയ നിയമപ്രകാരം നല്‍കണമെന്ന് അല്‍ ഫാര്‍സി അറിയിച്ചു. 
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ പ്രൊട്ടക്ഷന്‍ ഓഫ് പബ്ളിക് ഫണ്ട്സ് ആന്‍ഡ് അവോയിഡന്‍സ് ഓഫ് കോണ്‍ഫ്ളിക്ട്സ് ഓഫ് ഇന്‍ററസ്റ്റ് നിയമപ്രകാരം ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവിന് ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. 2012ല്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഫോറം നല്‍കിയിരുന്നെങ്കിലും എല്ലാവരും അത് പൂരിപ്പിച്ച് നല്‍കിയിരുന്നില്ളെന്ന് അല്‍ ഫാര്‍സി പറഞ്ഞു. 
എന്നാല്‍, വിവരങ്ങള്‍ നല്‍കാതിരുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നിലവിലില്ല. അനധികൃതമായുള്ള സ്വത്ത് സമ്പാദനം തടയാന്‍ പുതിയ ഫോറം സഹായിക്കും. 2012ല്‍ നല്‍കിയ ഫോറത്തിലെ നിരവധി പിഴവുകള്‍ പുതിയതില്‍ പരിഹരിച്ചിട്ടുണ്ട്. 
അഴിമതിക്കെതിരായ യു.എന്‍ കണ്‍വെന്‍ഷനില്‍ പങ്കാളിയായതിന്‍െറ ഭാഗമായാണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച പുതിയ നിയമമെന്നും അല്‍ ഫാര്‍സി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.