കാലാവസ്ഥാ വ്യതിയാനം തുടരുന്നു, ചിലയിടങ്ങളില്‍ ശക്തമായ മഴ

മസ്കത്ത്: ഒമാന്‍െറ വിവിധഭാഗങ്ങളില്‍ തിങ്കളാഴ്ച മഴ പെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയും വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. 
അവല്‍ അവാബി, നഖല്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. 
മഴയും നീരൊഴുക്കുംമൂലം വാദികള്‍ നിറഞ്ഞൊഴുകിയതിനാല്‍ ഈ മേഖലകളില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ചിലയിടങ്ങളില്‍ വാദികള്‍ മുറിച്ചുകടക്കാന്‍ കഴിയാതെ ഏറെനേരം വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടിയും വന്നു. 
ജബല്‍ അദറിലും ശക്തമായ മഴ പെയ്തു. മഴയോടൊപ്പം കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. മഴവെള്ളം കാരണം മലയിടുക്കുകളില്‍ അരുവികള്‍ രൂപാന്തരപ്പെട്ടു. വാദീ ഹഷാന്‍, ഖസം, ഹലിയാത്ത്, വാദീ ജാബിര്‍, ഇബ്ര എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. 
ഇബ്രയില്‍ ഇടിവെട്ടോടെയാണ് ഉച്ചമുതല്‍ മഴ പെയ്തത്. മുദൈരിബ്, ഷല്‍ ഖാബില്‍, അല്‍ വാസില്‍ എന്നിവിടങ്ങളിലും സാമാന്യം മഴ പെയ്തു. 
മസ്കത്തിന്‍െറ വിവിധഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം മൂടിപ്പിടിച്ച കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. 
ചിലയിടങ്ങില്‍ ചെറിയ മഴയുമുണ്ടായിരുന്നു. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം കൂടി മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 
പെട്ടെന്നുള്ള വെള്ളപൊക്കത്തിനും സാധ്യതകൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടിമിന്നലും ശക്തമായ മഴയും കാരണം ചിലയിടങ്ങളില്‍ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്്. 
അതിനാല്‍ മഴയത്ത് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത കൂടുതലാണ്. 
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ചുകടക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.