മസ്കത്ത്: ഒമാനില്‍ ബുധനാഴ്ച മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. അസ്ഥിരമായ കാലാവസ്ഥയുടെ ഫലമായി വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച കനത്തതും ഇടത്തരവുമായ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി മുന്നറിയിപ്പില്‍ അറിയിച്ചു.
കനത്ത മഴയുണ്ടാകുന്നപക്ഷം വാദികളില്‍ ഇറങ്ങരുതെന്നും കടലില്‍ ഇറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു. കഴിഞ്ഞയാഴ്ച മസ്കത്ത് ഗവര്‍ണറേറ്റ് അടക്കം വടക്കന്‍മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. മഴയില്‍ പലയിടത്തും കൃഷിനാശമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഴയില്‍ നിരവധി വാദികള്‍ നിറഞ്ഞൊഴുകുകയും അണക്കെട്ടുകള്‍ ജലസമ്പന്നമാവുകയും ചെയ്തു. കഴിഞ്ഞയാഴ്ച കൂടുതല്‍ മഴ ലഭിച്ചത് മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്തിലാണെന്ന് റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. വടക്കന്‍ ശര്‍ഖിയയിലെ ഇബ്രയാണ് രണ്ടാം സ്ഥാനത്ത്. 150 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.
ബുറൈമി ഗവര്‍ണറേറ്റിലെ സിനിനാഹില്‍ 116 മില്ലീമീറ്ററും ദാഖിലിയ ഗവര്‍ണറേറ്റിലെ സുമൈലില്‍ 116 മില്ലീമീറ്ററും റുസ്താഖില്‍ 106 മില്ലീമീറ്ററും സഹത്തില്‍ 97 മില്ലീമീറ്ററും മഴയും ലഭിച്ചു. ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖ അണക്കെട്ട് സംഭരണശേഷിയോട് അടുത്തിട്ടുണ്ട്. ഞായറാഴ്ചയിലെ കണക്കനുസരിച്ച് 96.8 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് ഇവിടെയുള്ളത്. 3.2 ദശലക്ഷം ക്യുബിക് മീറ്റര്‍കൂടി കഴിഞ്ഞാല്‍ ഡാം നിറഞ്ഞുകവിയും. മൊത്തം 105.723 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് മൊത്തം അണക്കെട്ടുകളിലായി ശേഖരിക്കപ്പെട്ടത്. മഴയും വെള്ളപ്പൊക്കവും ബാധിച്ച റോഡുകളില്‍ ഗതാഗതം പുന$സ്ഥാപിച്ചതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അധികൃതരും അറിയിച്ചു.
വലിയ പാറക്കഷണങ്ങളും മറ്റും വീണാണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടത്. മഴയിലും വെള്ളപ്പൊക്കത്തിലും കേടുപാടുകളുണ്ടായ റോഡുകളില്‍ വൈകാതെ അറ്റകുറ്റപ്പണികള്‍ നടത്തും. മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തോട് അടുക്കുകയാണ്.
മസ്കത്ത് നഗരസഭാ ചെയര്‍മാന്‍ മൊഹ്സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം റൂവിയിലെയും അമിറാത്തിലെയും ബോഷറിലെയും സീബിലെയും മഴബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞയാഴ്ച മഴ പെയ്ത നാലു ദിവസങ്ങളിലായി മൊത്തം 332 അപായവിളികളാണ് ഓപറേഷന്‍സ് സെന്‍ററില്‍ ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 255 എണ്ണവും വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായിരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് കൂടുതല്‍ രക്ഷാദൗത്യങ്ങള്‍ നടത്തിയത്, 95 എണ്ണം. ദാഖിലിയയില്‍ 67ഉം മസ്കത്തില്‍ 51ഉം രക്ഷാദൗത്യങ്ങള്‍ നടത്തി.
തെക്കന്‍ ശര്‍ഖിയയില്‍നിന്നാണ് കുറവ് അപായവിളികള്‍ ലഭിച്ചത്, 23 എണ്ണം. കനത്തമഴയിലും കാറ്റിലും മൊത്തം എട്ടുപേര്‍ മരിച്ചതായും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.