മസ്കത്ത്: അവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായ വിദേശ തൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമിക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരം താമസകേന്ദ്രങ്ങൾ പരിഗണനയിലുള്ളതെന്ന് മസ്കത്ത് നഗരസഭാ കൗൺസിൽ പബ്ലിക് അഫെയേഴ്സ് കമ്മിറ്റി ചെയർമാൻ മാലിക്ക് ഹിലാൽ അൽ യഹ്മദിയെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.
ഇത്തരം താമസകേന്ദ്രങ്ങളുടെ രൂപരേഖ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ നിർമാണകരാർ നൽകുന്നതിന് ടെൻഡറുകൾ ക്ഷണിക്കുമെന്നും ഹിലാൽ അൽ യഹ്മദി പറഞ്ഞു. നഗരസഭാ കൗൺസിലിൽ വിഷയം ചർച്ചക്കെടുക്കുകയും അംഗങ്ങൾ അനുമതി നൽകുകയും ചെയ്തിരുന്നു. വിവിധ ഏജൻസികളുമായി സഹകരിച്ച് ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകും. മൂന്നിടങ്ങളിലും കേന്ദ്രം നിർമിക്കുന്നതിനായുള്ള സ്ഥലം ഇതിനകം നിർണയിച്ചിട്ടുണ്ട്. നിലവിലുള്ള താമസകേന്ദ്രങ്ങളിൽനിന്ന് ദൂരെയാണ് വ്യവസായ മേഖലകൾ ആലോചനയിലുള്ളത്. വ്യവസായ മേഖലകളിലെ കമ്പനികളുടെ പ്രധാന തൊഴിൽശക്തി വിദേശികളായിരിക്കും. തൊഴിലാളികളുടെ താമസം അടുത്തായിരിക്കുന്നത് കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് സഹായകരമായിരിക്കും. അതിനാലാണ് ഇൗ മൂന്നിടങ്ങൾ പദ്ധതിക്കായി തെരഞ്ഞെടുത്തതെന്നും അൽ യഹ്മദി പറഞ്ഞു.
അമിറാത്തിൽ മാത്രം ഒരു ലക്ഷം പേർക്കുള്ള താമസമാണ് ആലോചനയിലുള്ളത്. മറ്റിടങ്ങളിലും ആയിരക്കണക്കിനാളുകൾക്ക് താമസിക്കാൻ സാധിക്കും. വൈദഗ്ധ്യമില്ലാത്തവരും അർധ വൈദഗ്ധ്യമുള്ളവരുമായ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നതിനെചൊല്ലി ഒമാനികൾ നൽകിയ പരാതികളും നഗരസഭയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കുടുംബമായി താമസിക്കുന്നവർക്കും അപ്പാർട്ട്മെൻറുകൾക്ക് സ്വന്തമായി വാടക നൽകുന്നവർക്കും കോംപ്ലക്സുകളിലേക്ക് താമസം മാറുന്നത് നിർബന്ധമാകില്ല.
അതേസമയം, ഷെയറിങ് അക്കോമഡേഷനുകളിൽ താമസിക്കുന്നവർക്കും വാടക കരാർ സ്വന്തം പേരിൽ അല്ലാത്തവർക്കും ഇത് വിനയായി ഭവിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.