മസ്കത്ത്: 52ാമത് സുൽത്താൻ കപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ താരംകൂടിയായ അൽ നഹ്ദ ഗോൾ കീപ്പർ ഇബ്രാഹീം അൽ മുഖൈനി കുനിഞ്ഞിരുന്ന് ഗ്രൗണ്ടിൽ ചുംബിച്ചു. അൽ നഹ്ദ ക്ലബിന്റെ കഴിഞ്ഞ 20 വർഷമായുള്ള കിരീട കാത്തിരിപ്പിന്റെ വരൾച്ചയിലേക്കു പെയ്തിറങ്ങിയ കുളിർമഴയായിരുന്നു ആ ചുംബനം.
മൂന്നു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട രാജ്യത്തെ ഫുട്ബാൾ ചരിത്രത്തിലെ അഭിമാനകിരീടം ഇത്തവണ തങ്ങൾക്ക് കിട്ടുമെന്ന് അൽ നഹ്ദയുടെ ആരാധകർക്ക് വിശ്വാസം ഇല്ലായിരുന്നു. എതിരാളികൾ നിലവിലെ ജേതാക്കളായ സീബ് ക്ലബ് അവരുടെ ചരിത്രത്തിലെതന്നെ ഉജ്ജ്വല ഫോമിലും ആത്മവിശ്വാസത്തിലുമാണ് എന്നതുതന്നെയായിരുന്നു ഇതിനുള്ള കാരണം. ക്ലബിന്റെ 20 വർഷത്തെ ചരിത്രത്തിൽ, അഭിമാനിക്കാൻ വകനൽകുന്ന കിരീടനേട്ടം ഒന്നുമില്ലാത്ത അൽ നഹ്ദ, സുൽത്താൻ കപ്പ് വിജയത്തോടെ രാജ്യത്തെ വലിയ ക്ലബുകളുടെ പട്ടികയിലേക്ക് കടന്നു.
കോട്ട കാത്ത് ഇബ്രാഹീം മുഖൈനി
സീബിന്റെ അമിത ആത്മവിശ്വാസമാണ് അവരുടെ പരാജയത്തിന് വഴിവെച്ചത്. ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ കുന്തമുന എന്നു വിശേഷിപ്പിക്കാവുന്ന സാലാ അൽ യഹ്യായി നയിക്കുന്ന മുന്നേറ്റനിരയിൽ ഈദ് അൽ ഫാർസി, മുഹമ്മദ് അൽ മുസല്ലമി, അബ്ദുൽ ലത്തീഫ് മഖ്ബാലി, മുഹ്സിൻ അൽ ഗസാനി, അലി അൽ ബുസൈദി ഉൾെപ്പടെ നിരവധി താരങ്ങൾ ഉണ്ടായിട്ടും അതൊന്നും കളിക്കളത്തിൽ പ്രകടമായില്ല. മത്സരം ആരംഭിക്കുന്നതിനു മുമ്പുള്ള സീബ് താരങ്ങളുടെ ശരീരഭാഷ കിരീടം നേടിക്കഴിഞ്ഞു എന്ന മട്ടിലായിരുന്നു. എന്നാൽ, മറുവശത്തും ഒമാൻ ദേശീയ ടീം കളിക്കാർ ഉണ്ടായിരുന്നെങ്കിലും പോസ്റ്റിനു മുന്നിൽ ഉരുക്കുകോട്ട പോലെ ഉറച്ചുനിന്ന ഗോൾ കീപ്പർ ഇബ്രാഹീം അൽ മുഖൈനിയുടെ അവിശ്വസനീയ പ്രകടനമാണ് അൽ നഹ്ദയുടെ രക്ഷക്കെത്തിയത്.
ആദ്യ പകുതി വിരസം
മത്സരം നടന്ന തലസ്ഥാന നഗരിയായ മസ്കത്തിൽനിന്നുള്ള ടീമായ സീബിന് സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് ആരാധകരുടെ നിറഞ്ഞ പിന്തുണ മുതലാക്കാനായില്ല. എന്നാൽ, രാജ്യത്തിന്റെ അതിർത്തിപ്രദേശമായ ബുറൈമിയിൽനിന്നും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ നൂറുകണക്കിന് അൽ നഹ്ദ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. മന്ദഗതിയിൽ ആരംഭിച്ച മത്സരത്തിൽ വിങ്ങുകളിലൂടെ ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഇതിനിടക്കാണ് നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് അൽ നഹ്ദ പെനാൽറ്റിയിലൂടെ ഗോൾ നേടുന്നത്. പന്തുമായി കുതിച്ചെത്തിയ അൽ നഹ്ദയുടെ മുന്നേറ്റതാരത്തെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു.
കിക്കെടുത്ത അൻതറസ് അനായാസം ലക്ഷ്യം കാണുകയും ചെയ്തു. രണ്ടാം പകുതിയിൽ സീബിന്റെ ആക്രമണമായിരുന്നു കണ്ടത്. മറുവശത്ത് അൽ നഹ്ദ ആകട്ടെ പ്രതിരോധം ശക്തമാക്കി. കളിയുടെ ഇഞ്ച്വറി ടൈമിൽ സീബിന്റെ ആക്രമണത്തെ ഇബ്രാഹീം അൽ മുഖൈനിയുടെ മുഴുനീള ഡൈവുകൾ ആണ് രക്ഷിച്ചത്.
ഇനി ലക്ഷ്യം ഒമാൻ ലീഗ്
അൽ നഹ്ദക്ക് അടുത്ത ലക്ഷ്യം ഒമാൻ ലീഗ് ആണ്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള അവർക്ക് 38 പോയന്റും നാലാം സ്ഥാനത്തുള്ള സീബിന് 29 പോയന്റും ആണുള്ളത്. 17 മത്സരം വീതമാണ് പൂർത്തിയായത്. ഒമാൻ ലീഗ് കൂടി നേടി തങ്ങളുടെ ഈ വർഷത്തെ നേട്ടം അരക്കിട്ടുറപ്പിക്കാനായിരിക്കും അൽ നഹ്ദയുടെ ശ്രമം.
എന്നാൽ, കൈവിട്ടുപോയ സുൽത്താൻ കപ്പിനു പകരം ലീഗ് കിരീടം നിലനിർത്താൻ സീബും കഠിനമായി ശ്രമിക്കുന്ന നാളുകൾക്കാണ് ആഭ്യന്തര ഫുട്ബാൾ സീസൺ സാക്ഷ്യം വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.