മസ്കത്ത്: ഗസ്സയിലെ നിസ്സഹായരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്റെ കൈത്താങ്ങ് തുടരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ) മൂന്നാം ഘട്ട അവശ്യ വസ്തുക്കൾ എത്തിച്ചു.
റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ വിമാനത്തിൽ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളുമാണ് കൈമാറിയത്. ജോർഡനിലെ ഒമാൻ എംബസിയുടെ ഏകോപനത്തിലാണ് ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് അവശ്യവസ്തുക്കൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 11ന് റഫ അതിർത്തി വഴി അവശ്യസാധനങ്ങൾ കൈമാറിയിരുന്നു. കഴിഞ്ഞ നവംബറിൽ 100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ചു വിമാനങ്ങൾ വഴി ഗസ്സയിലേക്ക് ഒമാൻ കയറ്റി അയച്ചിരുന്നു. സലാം എയറിന്റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. എയർ ബ്രിഡ്ജിലൂടെ ഇവിടെ എത്തിച്ച സാധനങ്ങൾ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറുകയായിരുന്നു.
ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒ.സി.ഒ നേരത്തേതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്. ഒനീക്ക് (ഒ.എൻ.ഇ.ഐ.സി) ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്.
പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ് ചെയ്ത് 90909 എന്ന നമ്പറിലേക്കും സന്ദേശങ്ങൾ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിവിധ സമയങ്ങളിൽ ഒമാൻ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. അവിടത്തെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ വർഷം നടന്ന ഒമാൻ കൗൺസിലിന്റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിലും അതിനുമുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.