മസ്കത്ത്: തൊഴിലാളികൾക്ക് എതിരെ എടുക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക കമ്പനികൾ തയാറാക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണ്. മന്ത്രാലയം നൽകുന്ന ഒരു പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറേക്കേണ്ടത്.
ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് മാൻപവർ എന്നിവരിൽനിന്ന് അനുമതി നേടണം. പട്ടികയിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിലും മുകളിൽ പറഞ്ഞ വകുപ്പുകളിൽനിന്നുള്ള അനുമതിയുണ്ടായിരിക്കേണ്ടതാണ്. അനുമതി കിട്ടിയാൽ, ഈ പട്ടിക ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
അറബി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കണം ഇവ. ബിസിനസ് ആവശ്യകതകൾ കണക്കിലെടുത്ത് തൊഴിലുടമകൾ പുതിയ നിയമലംഘനങ്ങളും അനുബന്ധ പിഴകളും മറ്റും മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തൊഴിലാളികൾക്ക് എതിരെ എടുക്കാവുന്ന നടപടികളെ കുറിച്ച് മന്ത്രാലയം പറയുന്നത് ഇവയാണ്
രേഖാമൂലമുള്ള മുന്നറിയിപ്പ്: തന്റെ ലംഘനത്തെക്കുറിച്ച് തൊഴിലാളിയെ അറിയിക്കുന്ന ഔപചാരിക കത്ത് നൽകുക.
വേതന കിഴിവ്: തൊഴിലാളിയുടെ വേതനത്തിന്റെ ഒരു ഭാഗം കുറക്കാം. എന്നാൽ, ഒരൊറ്റ ലംഘനത്തിനുള്ള തുക അഞ്ച് ദിവസത്തെ വേതനത്തിൽ കൂടുതലാകരുത്
സസ്പെൻഷൻ: തൊഴിലാളിയെ പരമാവധി അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാം
നഷ്ടപരിഹാരത്തോടൊപ്പം പിരിച്ചുവിടൽ: നിയമം അനുശാസിക്കുന്ന കേസുകളിൽ, ജീവനക്കാരനെ എൻഡ്-ഓഫ്-സർവിസ് ബോണസ് ഉപയോഗിച്ച് പിരിച്ചുവിടാം
നഷ്ടപരിഹാരം കൂടാതെ പിരിച്ചുവിടൽ: നിയമം അനുശാസിക്കുന്ന ഗുരുതരമായ കേസുകളിൽ മുൻകൂർ അറിയിപ്പോ നഷ്ടപരിഹാരമോ ഇല്ലാതെ ജീവനക്കാരനെ പിരിച്ചുവിടാം
പിഴ ചുമത്തുന്നതിനുള്ള പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
ജീവനക്കാരന്റെ ഭാഗം കേൾക്കുന്നതിനായി മുൻകൂർ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകിയതിനുശേഷമേ പിഴ ചുമത്താൻ പാടുള്ളു. വേതന കിഴിവുകൾ വ്യക്തമായി നിർവചിക്കപ്പെട്ടതും ജോലി ചെയ്യുന്ന സമയത്തിന് ആനുപാതികവുമായിരിക്കണം.
മസ്കത്ത്: തൊഴിലാളികൾക്ക് അവരുടെ പരാതികളും ആവലാതികളും രജിസ്റ്റർ ചെയ്യാൻ കമ്പനികൾ സംവിധാനം ഒരുക്കണമെന്ന് തൊഴിൽ മന്ത്രാലയം. രാജകീയ ഉത്തരവ് (53/2923) പുറപ്പെടുവിച്ച തൊഴിൽ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ തീരുമാനം അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന ഓരോ തൊഴിലുടമയും പരാതികൾ പരിഹരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ ബാധ്യസ്ഥരാണ്.
ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ഇനിപ്പറയുന്ന നടപടിക്രമങ്ങൾ പ്രകാരം തൊഴിലുടമ തനിക്കെതിരെ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ തൊഴിലാളിക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.
പരാതികൾ ആദ്യം നേരിട്ട് മാനേജർക്കാണ് സമർപ്പിക്കേണ്ടത്. ഇതിനോട് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ നേരിട്ട് പ്രതികരിക്കാൻ മാനേജർ ബാധ്യസ്ഥനാണ്. ഈ സമയത്തിനുള്ളിൽ മാനേജർ മറുപടി നൽകിയിട്ടില്ലെങ്കിൽ തൊഴിലാളിക്ക് തന്റെ പരാതി തൊഴിലുടമക്കോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ സമർപ്പിക്കാം.
അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിലുടമയോ അവന്റെ പ്രതിനിധിയോ ഈ കേസിൽ തീരുമാനമെടുക്കണം. ഇതിനോടും പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെങ്കിൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിലെ യോഗ്യതയുള്ള അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലേക്ക് ഒരു സെറ്റിൽമെന്റ് അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.