മസ്കത്ത്: മലകയറ്റമടക്കം സാഹസിക വിനോദ യാത്രക്കിടെ അപകടങ്ങളുണ്ടാകുന്ന സംഭവ ങ്ങൾ വർധിച്ചുവരുകയാണെന്ന് സിവിൽ ഡിഫൻസ്. അപകടങ്ങൾ ഒഴിവാക്കാൻ കരുതൽ വേണം. ഏത് ചെറിയ അപകട സാഹചര്യത്തിലായാലും തങ്ങളുടെ സേവനം തേടാവുന്നതാണെന്നും സിവിൽ ഡിഫൻസ ് അറിയിച്ചു. ഒമാനിലെ സാഹസിക വിനോദ സഞ്ചാരം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നത് മുൻ നിർത്തിയാണ് മുന്നറിയിപ്പ്.
ആവശ്യമെന്ന് കണ്ടാൽ തങ്ങളുടെ സേവനം ആവശ്യപ്പെടുന്നതിൽ ഒരു നാണക്കേടും കരുതേണ്ടതില്ലെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. തങ്ങളുടെ സഹായം അഭ്യർഥിച്ചശേഷം അപകട സാഹചര്യത്തിൽനിന്ന് പരിക്കൊന്നുമില്ലാതെ സ്വയം പുറത്തുവരാൻ സാധിച്ചാലും കുഴപ്പമില്ല. അതേസമയം, ഗുരുതര അപകട സാഹചര്യമാണെങ്കിൽ സഹായത്തിനായി കാത്തിരിക്കുന്നതാകും നല്ലത്. സഹായം ആവശ്യമായ ആളുടെ ലൊക്കേഷൻ രക്ഷാസംഘം മനസ്സിലാക്കി കഴിഞ്ഞാൽ പിന്നീട് അവിടെനിന്ന് മാറരുത്. സ്ഥലം വീണ്ടും മാറുന്നത് രക്ഷാപ്രവർത്തനം വൈകാൻ വഴിയൊരുക്കിയേക്കുമെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
സഞ്ചാരികൾക്ക് പുറമെ നൂറുകണക്കിന് സ്വദേശികളും ഒമാനിൽ താമസക്കാരായ വിദേശികളും മലകയറ്റവും ഒാഫ്റോഡ് യാത്രകളുമടക്കം സാഹസിക സഞ്ചാരങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരാണ്. ഇതിൽ ചെറിയ എണ്ണം ആളുകൾ മാത്രമാണ് യാത്രക്കിടെ അപകടത്തിൽപെടുന്നത്. ഇങ്ങനെ അപകടത്തിൽ പെടുന്നവരുടെ എണ്ണം വർഷവും വർധിച്ചുവരുകയാണ്. ഇൗ വർഷം ആദ്യ പകുതിയിൽ പരിക്കു മൂലവും ഒറ്റപ്പെട്ടതും മറ്റും കാരണത്താൽ 12 പേരെയാണ് സിവിൽ ഡിഫൻസ് രക്ഷിച്ചത്. മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ഇതിൽ പല അപകടങ്ങളും മുന്നൊരുക്കങ്ങൾ കൊണ്ടോ ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിലോ തടയാവുന്നതായിരുന്നെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. കൂട്ടം തെറ്റുക, ഉയരമുള്ള സ്ഥലങ്ങളിൽനിന്ന് വീഴുക, മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ ക്ഷീണിതനാവുക, കാലാവസ്ഥാ സാഹചര്യങ്ങൾകൊണ്ട് വഴി തെറ്റുക, ഒറ്റക്കുള്ള യാത്രയിൽ ഏതെങ്കിലും പ്രദേശത്ത് എത്തിപ്പെടുകയും അവിടെനിന്ന് രക്ഷപ്പെടാൻ കഴിയാതെ പോവുക തുടങ്ങിയ അവസ്ഥകളിലാണ് മലകയറ്റത്തിനിടെ പൊതുവെ അപകടങ്ങളുണ്ടാകുന്നത്.
സാഹസിക യാത്രക്ക് പോകുന്നവർ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ വിവരമറിയിക്കണം. പ്രദേശത്തെ കുറിച്ച് നന്നായി അറിയുന്ന ആളുകളോട് പറയുന്നതാകും നല്ലത്. എന്തെങ്കിലും അപകട സാഹചര്യമുണ്ടായാൽ സിവിൽ ഡിഫൻസ് അടക്കം എമർജൻസി സേവനങ്ങളെ എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.