മസ്കത്ത്: അൽ അതായാ ന്യൂനമർദം കാരണം ഒമാെൻറ വിവിധ ഇടങ്ങളിൽ വ്യാപക മഴ ആരംഭിച്ചു. ദാഖിലിയ്യ, സൗത്ത് ബാത്തിന ഗവർണറേറ്റുകളിൽ വാദികൾ ഉയരുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മസ്കത്ത് ഗവർണറേറ്റുകളിൽ രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളിൽ നേരിയ മഴയും ആരംഭിച്ചിട്ടുണ്ട്. മഴ ക്രമേണ ശക്തി പ്രാപിച്ചേക്കും.
വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ അടക്കം നിരവധി ഗവർണറേറ്റുകളിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അന്തരീക്ഷ താപനില 30 സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് വർധിക്കുന്നതിനാൽ വാദികൾ ശക്തിപ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്. വരും മണിക്കൂറുകളിൽ ഒമാനിലെ വിവിധ ഗവർണേററ്റുകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പിൽ പറയുന്നു.
മസ്കത്ത്, ദാഖിലിയ്യ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ബുറൈമി, ദാഖിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യതയെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിൽ പല ഗവർണറേറ്റുകളിലും മഴ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് മഴ പ്രവചിക്കപ്പെട്ടത്.
വരും ദിവസങ്ങളിൽ 25 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. അതോടൊപ്പം 30 മുതൽ 45 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റ് അടിച്ചുവീശാനും സാധ്യതയുണ്ട്. മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മഴയും മൂടൽമഞ്ഞും പൊടിക്കാറ്റും കാരണം ചില ഗവർണറേറ്റുകളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. അതിനാൽ, ഇൗ മേഖലകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.