മസ്കത്ത്: തലസ്ഥാന നഗരത്തിനു ആവേശക്കാഴ്ചകളുമായി അൽ മൗജ് മസ്കത്ത് മാരത്തൺ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. സബ്കോ സ്പോർട്സുമായി സഹകരിച്ച് പൈതൃക ടൂറിസം മന്ത്രാലയമാണ് പരിപാടി നടത്തുന്നത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 1200ഓളം മത്സരാർഥികൾ പങ്കെടുക്കും.
17 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കായി 42.2 കി.മീ(ഫുൾ), 21.1 കി.മീ (ഹാഫ്), 15 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കായി 10 കിലോമീറ്റർ ഓട്ടം, 12 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്കായി 5 കി.മീ, കുട്ടികൾക്കായി (കുറഞ്ഞത് ഏഴ് വയസ്സ്) 1, 2, 3 കി.മീറ്റർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ഓട്ട മത്സരം നടക്കുന്നത്. 10 കിലോമീറ്റർ ഓട്ടത്തിനൊപ്പം ഫുൾ, ഹാഫ് മാരത്തണുകളും വെള്ളിയാഴ്ചയും അഞ്ച് കിലോമീറ്റർ ഓട്ടവും കുട്ടികളുടെ മത്സരവും ശനിയാഴ്ചയും നടക്കും.
കായിക സമൂഹത്തിനായുള്ള ഒമാന്റെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് അൽ മൗജ് മസ്കത്ത് മാരത്തൺ വരുന്നതെന്നും ആരോഗ്യകരവും സജീവവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇതു സംഭാവന ചെയ്യുമെന്നും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സ്പോർട്സ് ആക്ടിവിറ്റി വിഭാഗം ഡയറക്ടർ സമീറ അൽ ഷുക്കൈലി പറഞ്ഞു.
ഒമാനെ ഒരു കായിക മേഖലയായി പ്രോത്സാഹിപ്പിക്കുന്നതിനും കായിക വിനോദസഞ്ചാര മേഖലകളിൽ നിക്ഷേപത്തിന് അവസരമൊരുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓട്ടമത്സരം സംഘടിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽതന്നെ അവലംബിക്കേണ്ട ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ഈ മാരത്തൺ സംഘടിപ്പിക്കുന്നതിന് പിന്നിലെ ആശയമെന്ന് സബ്കോ സ്പോർട്സ് ജനറൽ മാനേജർ അലി അൽ അജ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.