മസ്കത്ത്: സൗത്ത് ശർഖിയ ഗവർണറേറ്റിലെ വാദി ബനി ജാബറിനെ സൂർ വിലായത്തിലേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിന് ടെൻഡർ ബോർഡ് അംഗീകാരം നൽകി. 40 ലക്ഷത്തിലധികം റിയാൽ വരുന്ന ഈ വിപുലീകരണം തെക്കൻ ശഖിയയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വാദി ബാനി ജാബറിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ലക്ഷ്യമിടുന്നു. വരാനിരിക്കുന്ന ആറു കിലോമീറ്റർ ഇതിനകം സ്ഥാപിച്ച ആദ്യ ഘട്ടത്തിൽ തടസ്സങ്ങളില്ലാതെ ചേരുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ റോഡ് നിർമാണ വകുപ്പ് ഡയറക്ടർ എൻജിനിയർ യൂസഫ് അബ്ദുല്ല അൽ മുജൈനി പറഞ്ഞു.
ഈ വർഷം നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ഒരുവർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്. റോഡുകൊണ്ടുണ്ടാകുന്ന സാമ്പത്തികവും സേവനാധിഷ്ഠിതവുമായ പ്രാധാന്യത്തെ പറ്റി മുജൈനി ചൂണ്ടികാട്ടി. മെച്ചപ്പെട്ട റോഡ് വഴി, ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, മറ്റ് സേവനങ്ങൾ തുടങ്ങിയ സുപ്രധാന കമ്മ്യൂണിറ്റി ഹബ്ബുകളിലേക്കുള്ള പ്രവേശനം കൂടുതൽ സൗകര്യപ്രദമാകും.
പുതിയ റോഡ്, വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തും. 16.7 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാതയുള്ള പദ്ധതിയുടെ ആദ്യഘട്ടം ഗതാഗത മന്ത്രാലയം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഓരോ പാതക്കും 3.5 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ ഷോൾഡറുകളുമുണ്ട്.
വ്യത്യസ്ത വലുപ്പത്തിലുള്ള 34 ബോക്സ് ഫെറികളും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ 160 മീറ്റർ നീളമുള്ള കമാനാകൃതിയിലുള്ള ഇരുമ്പ് പാലവും ഇതിലുൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.