മസ്കത്ത്: മനുഷ്യക്കടത്തിനെതിരായ ബോധവത്കരണ പരിപാടിക്ക് ഒമാനിൽ തുടക്കമായി. മനുഷ്യക്കടത്തിനെ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ (എൻ.സി.സി.എച്ച്.ടി) നേതൃത്വത്തിലാണ് 'ഇൻസാൻ'(മനുഷ്യൻ) എന്ന തലക്കെട്ടിൽ മൂന്നുമാസത്തെ കാമ്പയിൻ ആരംഭിച്ചത്.മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച അവബോധം പകരുന്നതിനൊപ്പം ഇതിനെ നേരിടുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്തുപകരാൻ ജനങ്ങളെ പ്രാപ്തരാക്കുകയും കാമ്പയിനിെൻറ ലക്ഷ്യമാണ്.
വിദേശികളെകൂടി ലക്ഷ്യമിട്ട് വിവിധ ഭാഷകളിലാകും കാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുക. ജാതി, മതം, വംശം എന്നിവക്ക് ഉപരിയായി മനുഷ്യത്വത്തിെൻറ മൂല്യങ്ങൾ പഠിപ്പിച്ചുനൽകുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് എൻ.സി.സി.എച്ച്.ടി അറിയിച്ചു.സമൂഹത്തിന് എല്ലാ തരത്തിലും ഭീഷണിയായിട്ടുള്ള മനുഷ്യക്കടത്തിനെതിരായ ആഗോള പോരാട്ടത്തിന് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നാണ് ഒമാൻ കരുതുന്നതെന്ന് അറ്റോർണി ജനറലും എൻ.സി.സി.എച്ച്.ടി ഡെപ്യൂട്ടി ചെയർമാനുമായ നാസർ ഖമീസ് അൽ സവായി പറഞ്ഞു.
ഇൗ ക്രിമിനൽ കുറ്റം ഇല്ലായ്മ ചെയ്യുന്നതിനായി ആദ്യം നിയമം പാസാക്കിയ രാജ്യങ്ങളിലൊന്ന് ഒമാനാണ്. റോയൽ ഡിക്രി 126/2008 പ്രകാരമുള്ള ആൻറി ട്രാഫിക്കിങ് നിയമം അനുസരിച്ച് വിവിധ സർക്കാർ സംവിധാനങ്ങളെ ഉൾപ്പെടുത്തി മനുഷ്യക്കടത്തിനെ പ്രതിരോധിക്കാൻ ദേശീയ തലത്തിൽ കമ്മിറ്റിയുണ്ടാക്കുകയാണ് ചെയ്തത്.
നിരവധി അന്താരാഷ്ട്ര ഉടമ്പടികളിലും ഒമാൻ ഭാഗമായിട്ടുണ്ടെന്ന് നാസർ ഖമീസ് അൽ സവായി പറഞ്ഞു. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. തൊഴിലാളികളടക്കം വ്യക്തികൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതും ഒരുവിധ നിയമ ലംഘനത്തിനും വിധേയമാക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുന്നതാണ് ഇൗ ഉടമ്പടിയെന്നും നാസർ ഖമീസ് അൽ സവായി പറഞ്ഞു. കമ്മിറ്റിയുടെ പുതിയ വെബ്സൈറ്റും കാമ്പയിൻ അവതരണ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. www.nccht.om എന്ന വെബ്സൈറ്റ് അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. മനുഷ്യക്കടത്തിനിരയായവർക്ക് 12 ഭാഷകളിൽ ഇതിൽ സഹായം അഭ്യർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.