ബ്രൈഡ്സ് തിമിംഗലം
മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ ആദ്യമായി ബ്രൈഡ്സ് തിമിംഗലത്തെ കണ്ടതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) സ്ഥിരീകരിച്ചു. 2023ൽ ആരംഭിച്ച് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമുദ്ര സസ്തനി സ്പീഷീസ് സർവേ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് തിമിംഗലത്തെ കണ്ടത്.
ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡ്സ്. പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയിരിക്കും. തലയിൽ മൂന്നു വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.സാധാരണയായി ചൂടുവെള്ളത്തിൽ കാണപ്പെടുന്ന ഇവ, ചെറിയ മത്സ്യങ്ങളെയും പ്ലവകങ്ങളെയും ആണ് ഭക്ഷിക്കുന്നത്. പലപ്പോഴും ഒറ്റക്കോ ചെറിയ കൂട്ടമായോ ആണ് കാണപ്പെടുന്നത്.
മേഖലയിലെ അപൂർവമോ മുമ്പ് രേഖപ്പെടുത്താത്തതോ ആയ സമുദ്രജീവികളുടെ വിതരണം മനസ്സിലാക്കുന്നതിൽ ഒരു പ്രധാന സംഭവവികാസമാണ് ഈ കണ്ടെത്തലെന്ന് പ്രോജക്ട് ലീഡർ ഐദ ബിന്ത് ഖലഫ് അൽ ജാബ്രി വിശേഷിപ്പിച്ചു. മുസന്ദത്തിലെ അപൂർവ ജീവികളുടെ വ്യാപനം മനസ്സിലാക്കുന്നതിൽ ഈ നിരീക്ഷണം ഒരു പ്രധാന ചുവടുവെപ്പാണെന്നും സുൽത്താനേറ്റിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പരിസ്ഥിതി സർവേകൾ തുടരേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നുണ്ടെന്നും അവർ വിശദീകരിച്ചു.
ഒമാനിലെ സമുദ്രജീവികളുടെ സമഗ്രമായ ഒരു ഡേറ്റാബേസ് നിർമ്മിക്കുന്നതിന് കർശനമായ ഫീൽഡ് വർക്കുകളും ശാസ്ത്രീയ വിശകലനവും സംയോജിപ്പിച്ചുള്ള സമുദ്ര സർവേ പദ്ധതി മുൻനിര ദേശീയ സംരംഭമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ശേഖരിക്കുന്ന ഡേറ്റകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.