മസ്കത്ത്: ലോകത്തിന്റെ ഏതുകോണിൽനിന്നും ഒമാന്റെ ഭംഗി കാണാൻ സാധിക്കുന്ന വെര്‍ച്വല്‍ ടൂര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നാഷനല്‍ സര്‍വേ അതോറിറ്റിയുമായി ചേര്‍ന്ന് ഗൂഗിളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഔദ്യോഗിക ലോഞ്ചിങ് പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബിയുടെ കാര്‍മികത്വത്തില്‍ നടന്നു.ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഒമാന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്രപരമായ ലാൻഡ്മാർക്കുകളും ആധുനിക ഇൻഫ്രാസ്ട്രക്ചറുകളും പര്യവേക്ഷണം ചെയ്യാൻ പ്രാപ്തമാക്കാനാണ് ഈ സേവനം ശ്രമിക്കുന്നത്.
യുനെസ്കോ പട്ടികയില്‍ ഉള്‍പ്പെട്ട ഒമാനിലെ ലോക പൈതൃക സ്ഥലങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വെര്‍ച്വല്‍ ടൂറില്‍ അടങ്ങിയിട്ടുള്ളത്. ഏകദേശം 36,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തുനിന്ന് വെര്‍ച്വല്‍ ട്രെക്കറുകള് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ 2025 ആകുമ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങളും ലാന്‍ഡ്മാര്‍ക്കുകളും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സാംസ്കാരികവും പ്രകൃതിദത്തവുമായ സവിശേഷതകളുള്ള വിശാലമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒമാന്റെ പദവിയും ഡിജിറ്റൽ സാന്നിധ്യവും ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരം കാര്യങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ ആളുകൾ സുൽത്തനേറ്റിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.