മസ്കത്ത്: ജീവിതശൈലി നിയന്ത്രണത്തിലൂടെ അർബുദത്തെ പരിപൂർണമായി പ്രതിരോധിക്കാമെന്നും ഇന്ന് ഈ രോഗം ഏറക്കുറെ പൂർണമായി ചികിത്സിച്ചുമാറ്റാവുന്ന ഒന്നാണെന്നും ഡോ. രാജശ്രീ നാരായണൻ കുട്ടി. അന്തർദേശീയ സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് മലയാളി വിമൻസ് ലോഞ്ച് നടത്തിയ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ആരും തന്നെ പ്രത്യേകിച്ചും സ്ത്രീകൾ ആരോഗ്യത്തിനു പരിഗണന നൽകുന്നില്ല. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദം ഇതെല്ലാം തന്നെ രോഗത്തിന് കാരണമാകുന്നു. ഇന്ന് അർബുദം ചികിത്സിച്ചുമാറ്റാവുന്ന രീതിയിലേക്കു വന്നെങ്കിലും അസുഖം വരാതെ നോക്കുക എന്നതു തന്നെയാണ് പ്രധാനം. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും നാരുകളും ഉൾപ്പെടുത്തണം. കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡുകളും മാംസാഹാരവും അമിതമായ പാലും പാലുൽപന്നങ്ങളും ഒഴിവാക്കണം.
ഭക്ഷണം നിയന്ത്രിച്ചു വ്യായാമം ചെയ്യാതെ ഇരിക്കാം എന്നതുപോലെതന്നെ തെറ്റായ കാര്യമാണ് നന്നായി വ്യായാമം ചെയ്ത് എന്തു ഭക്ഷണവും കഴിക്കാം എന്നുള്ളതും. അതിനാൽ ഭക്ഷണ നിയന്ത്രണവും വ്യായാമവും സന്തുലിതമായി കൊണ്ടുപോകുക എന്നതാണ് പ്രധാനം. വിദേശത്തെ ജീവിത സാഹചര്യത്തിൽ അമിതമായ മാനസിക സമ്മർദം പല അസുഖങ്ങളും വരുത്തിവെക്കുന്നു.
അതിനാൽ മാനസിക ഉല്ലാസത്തിനായി എന്താണോ നമുക്കിഷ്ടം അത് ചെയ്യുക. അതോടൊപ്പം എല്ലാ മാസവും സ്വയം പരിശോധന നടത്തുകയും വർഷത്തിൽ ഒരിക്കലെങ്കിലും മാമോഗ്രാം ചെയ്യണമെന്നും സ്ത്രീകൾക്ക് തികച്ചും സൗജന്യമായി അത് ചെയ്യാനുള്ള സംവിധാനം ഒമാൻ കാൻസർ അസോസിയേഷൻ ഒരുക്കിയിട്ടുണ്ടെന്നും ഡോക്ടർ രാജശ്രീ നാരായണൻ കുട്ടി പറഞ്ഞു. സ്ത്രീകളെ കൂടുതൽ കർമോത്സുകരാക്കാൻ മലയാളി വിമൻസ് ലോഞ്ച് നടത്തുന്ന പരിശ്രമങ്ങളെ ഡോ. രാജശ്രീ നാരായണൻകുട്ടി അഭിനന്ദിച്ചു.
അസൈബയിൽ നടന്ന അർബുദ ബോധവത്കരണ ക്ലാസിൽ നിരവധി പേർ പങ്കെടുത്തു. ഡോ. മദീഹ രാജശ്രീ നാരായണൻകുട്ടിയെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. ഷബ്നം, നഫീസ എന്നിവർ സംസാരിച്ചു. അഫ്ര, ഐഷ ഹനാൻ എന്നിവർ ചേർന്ന് കൂട്ടായ്മയുടെ സ്നേഹോപഹാരം ഡോ. രാജശ്രീക്ക് കൈമാറി. സന പരിപാടികൾ നിയന്ത്രിച്ചു. ഭാവിയിൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പുറമെ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് ക്ലാസുകൾ നടത്തുമെന്നും അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.