മു​ഗ്​​സൈ​ൽ ബീ​ച്ച് 

സന്ദർശകരുടെ മനം കവർന്ന്: മുഗ്സൈൽ ബീച്ച്

മസ്കത്ത്: സലാലയിലെ മഴക്കാല ഉത്സവമാണ് ഖരീഫ്. മധ്യ പൗരസ്ഥ്യ ദേശം മുഴുവൻ കൊടും ചൂടിൽ വെന്തുരുകുമ്പോൾ ഈറൻ കാറ്റും ചാറ്റൽ മഴയും കുളിരുപകരുന്ന രാവുകളുമായി ദൈവത്തിന്‍റെ വരദാനം പോലെ സലാല. കടും വേനലിന് ശമനം നൽകുന്ന മനോഹരമായ കാലാവസ്ഥക്കൊപ്പം സലാലയുടെ പ്രകൃതി സവിശേഷതകളും സന്ദർശകർക്ക് ഹരം പകരുന്നതാണ്.

സലാലയുടെ പച്ചയണിഞ്ഞുനിൽക്കുന്ന മലയോരങ്ങളുടെ നീരുവറകൾ ചുരത്തിയൊലിപ്പിക്കുന്ന വെള്ള ച്ചാട്ടങ്ങളും ചരിത്രമുറങ്ങുന്ന കുന്നിൽ ചരിവുകളും വെള്ളമണലുകൾ ചിത്രം വരക്കുന്ന കടലോരങ്ങളും സന്ദർശകർക്ക് നവ്യമായ അനുഭൂതി പകരുന്നതാണ്. ഇവിടെയെത്തുന്ന സന്ദർശകരെ എറെ ആകർഷിക്കുന്ന ഒന്നാണ് മുഗ്സൈൽ ബീച്ച്. വർഷത്തിലെ എല്ലാ സീസണിലും സന്ദർശകർക്ക് ഹരം പകരുന്ന ബീച്ചാണിത്. സലാലയിൽനിന്ന് അരമണിക്കൂർ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്താൽ മുഗ്സൈൽ ബീച്ചിലെത്തും. കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന നീലക്കടലും വെളുത്ത മണൽ നിറഞ്ഞുനിൽക്കുന്ന കടലോരവും സന്ദർശകരെ മയക്കുന്ന കാഴ്ചകളാണ്.

എന്നാൽ, മുഗ്സൈലിലെ കാഴ്ച പ്രകൃതിദത്തമായ വാട്ടർ ഫൗണ്ടനുകളാണ്. വെള്ളം ചീറ്റാൻ, തിമിംഗലങ്ങളുടെ തലക്കുമുകളിൽ കാണുന്ന ദ്വാരം എന്നർഥം വരുന്ന ബ്ലോ ഹോൾസ് എന്നാണ് ഈ വാട്ടർ ഫൗണ്ടനുകൾ അറിയപ്പെടുന്നത്.

കടൽവെള്ളം ഭൂമിയുടെ അന്തർഭാഗത്തുള്ള ദ്വാരങ്ങളിലൂടെ തിരമാലകൾക്കനുസരിച്ച് വെള്ളം ഉയർന്ന് ചീറ്റിയടിക്കുന്ന കാഴ്ചയാണിത്. പ്രധാനമായും മൂന്ന് ബ്ലോ ഹോൾസുകളാണുള്ളത്. ഇവയിൽ രണ്ടും എല്ലാ കാലത്തും വെള്ളം ഉയർത്തി ചീറ്റും. ഈ മൂന്ന് ഹോൾസുകൾക്കും, സന്ദർശകർക്ക് അപകടം സംഭവിക്കാതിരിക്കാൻ ലോഹങ്ങൾ കൊണ്ട് ആവരണം പണിതിട്ടുണ്ട്. എല്ലാ രണ്ടുമിനിറ്റുകളിലും ഫൗണ്ടനിൽ വെള്ളം അടിച്ചുയരും.

സാധാരണ കാലങ്ങളിൽ തിരമാലകൾ വല്ലാതെ ഉയരത്തിൽ എത്താറില്ലെങ്കിലും ഖരീഫ് സീസണിൽ ഫൗണ്ടനിൽ വെള്ളം 28 മീറ്റർ വരെ ഉയരത്തിൽ അടിച്ചുപൊങ്ങാറുണ്ട്. കടൽ കലുഷിതമാവുന്നത് ഫൗണ്ടനിലെ വെള്ളം ചീറ്റലിലൂടെ അറിയാൻ കഴിയും. പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ് ഈ ബീച്ച്. 

Tags:    
News Summary - Captivating Visitors: Mughsail Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.