മസ്കത്ത്: 28 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മുഹമ്മദ് അസ്ലം ഇന്ന് നാടണയും. ശാന്തപുരം ഇസ്ലാമിയ കോളജിലെ ബിരുദ പഠനം കഴിഞ്ഞ് 1994 ആണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. അധ്യാപകനായി ജോലിചെയ്തിരുന്ന സഹോദരൻ കെ.എ. നാസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള ടൈപ്പിങ് സെന്റർ, സ്റ്റുഡിയോ എന്നിവയുടെ നടത്തിപ്പായിരുന്നു ആദ്യ നിയോഗം. 1999ലെ ഒമാനിവത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടെങ്കിലും സുവൈഖ് വിലായത്തിലെ ഖദറയിലുള്ള താജ് ഹൈപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ലഭിച്ചു. അതേ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്തുകൊണ്ടാണ് ഇപ്പോൾ സേവനം നിർത്തി നാട്ടിലേക്കു യാത്രയാവുന്നത്. തിരക്കു പിടിച്ച ജോലിത്തിരക്കിനിടയിലും സാമൂഹിക സേവന രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അസ്ലം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. മലയാളികൾ ധാരാളം തമ്പടിക്കുന്ന ബിസിനസ് കേന്ദ്രമാണ് ഖദറ, സുവൈഖ്, മുസന്ന തുടങ്ങിയ പ്രദേശങ്ങൾ. ദുബൈ കേന്ദ്രീകരിച്ചു വാച്ച് , മോട്ടോർ സ്പെയർ പാർട്സ്, റെഡിമെയ്ഡ് തുണിത്തരങ്ങൾ മുതലായവയായിരുന്നു പ്രധാനമായും മലയാളികൾ ചെയ്തിരുന്ന ബിസിനസ്. അതുകൊണ്ടു തന്നെ കൊച്ചു കേരളത്തിന്റെ പ്രതീതി തോന്നിയിരുന്നു ഖദറയും സമീപ പ്രദേശങ്ങളുമെന്ന് മുഹമ്മദ് അസ്ലം പറഞ്ഞു. പരേതനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്റെ സഹോദരനും കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.