മസ്കത്ത്: മലയാളികൾ ഒരുമിച്ചുകൂടി പ്രിയനടൻ കുഞ്ചാക്കോ ബോബന്റെ പേര് നീട്ടി വിളിക്കുന്നതു കേട്ടപ്പോൾ മസ്കത്ത് അമിറാത്ത് സ്വദേശിനി റജക്ക് അറിയാൻ കൗതുകമായി. 'ഇത് ആരെയാ ഇവർ വിളിക്കുന്നത്?' വേദിയിലെ ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള സീസൺ 3'യുടെ ബാക്ക് ഡ്രോപ്പിലെ കുഞ്ചാക്കോ ബോബന്റെ ചിത്രം ആരോ കാട്ടിക്കൊടുത്തപ്പോൾ റജക്കും വിളിക്കണമെന്നായി. അവതാരകൻ രാജ് കലേഷ് വേദിയിലേക്ക് ക്ഷണിച്ചപ്പോൾ റജയും നീട്ടിവിളിച്ചു- 'ചാക്കോച്ചാ...' ഇങ്ങനെ ഒമാനികളും പാകിസ്താനികളും ബംഗ്ലാദേശുകാരും ശ്രീലങ്കക്കാരുമൊക്കെ അണിനിരന്ന ഒത്തൊരുമയുടെ സുന്ദരനിമിഷങ്ങളൊരുക്കി 'ഹാർമോണിയസ് കേരള'യുടെ റോഡ്ഷോ അക്ഷരാർഥത്തിൽ മാനവികതയുടെ സന്ദേശമായി.
ദാർസൈത് ലുലു ഹൈപ്പർ മാർക്കറ്റിൽ ശനിയാഴ്ച രാവിലെയാണ് പ്രമുഖ അവതാരകൻ രാജ് കലേഷ് നയിച്ച റോഡ് ഷോയുടെ രണ്ടാം ദിനം ആരംഭിച്ചത്. മാജിക്കും കളിയും കാര്യങ്ങളുമായി മുന്നേറിയ പരിപാടിയിലെ വിവിധ ഗെയിമുകളിൽ ഒമാനികൾ അടക്കമുള്ളവർ പങ്കെടുത്തു. പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മത്ര സൂഖിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നടന്ന റോഡ് ഷോയിൽ ഒമാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വൈകീട്ട് റൂവി ലുലു ഹൈപർ മാർക്കറ്റിൽ നടന്ന കലാശക്കൊട്ടിലെ വിവിധ ഗെയിമുകളിലും വിവിധ രാജ്യക്കാരുടെ സാന്നിധ്യമുണ്ടായി. പുഷ്അപ് മത്സരത്തിൽ മലയാളികളെ തോൽപിച്ച് ഒന്നാമതെത്തിയത് പാകിസ്താനിയായ ആവേസ് ആയിരുന്നു. മാജിക്കിലൂടെ കുട്ടികളെയും സ്വതഃസിദ്ധമായ ശൈലിയിലൂടെ മുതിർന്നവരെയും കൈയിലെടുത്ത മലയാളികളുടെ സ്വന്തം 'കല്ലു' പാട്ടും കളികളുമായി അരങ്ങുതകർത്ത 'ഹാർമോണിയസ് കേരള' റോഡ് ഷോകൾ മസ്കത്തിലെ മലയാളികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ് ഇതിന്റെ ഭാഗമായി സന്ദർശകർക്കായി ഒരുക്കിയിരുന്നത്. സ്റ്റെൻസിൽ ആർട്ടിലൂടെ വരച്ച രാജ് കലേഷിന്റെ ഛായാചിത്രം ആലിയ സിയാദ്, അഹ്ലാം റയ്യാൻ എന്നിവർ അദ്ദേഹത്തിന് സമ്മാനിച്ചു. ഡിസംബർ 30ന് മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലാണ് ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള' സീസൺ 3 അരങ്ങേറുന്നത്.
നൂർ ഗസൽ ഫുഡ് ആൻഡ് സ്പൈസസ്, ലുലു ഹൈപർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. കോവിഡ് മഹാമാരിക്കുശേഷം മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന ഈ സംഗീത-കലാവിരുന്നിന് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ, ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, ഗ്രാമി അവാർഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോർജ്, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ മാസ്മരിക പ്രകടനങ്ങൾ ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും. ടിക്കറ്റുകൾക്ക് +968 92369485, +968 95629600.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.