നിസ്വ: ‘ഇൻകാസ്’ നിസ്വ റീജനൽ കമ്മിറ്റിയുടെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ടെലി റസ്റ്റാറന്റിൽ വിപുലമായ കലാപരിപാടികളോടെ നടന്നു. ആഘോഷപരിപാടികൾ ഇൻകാസ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിൽ ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ജോയ് മാത്യു തുമ്പുങ്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഗോപകുമാർ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.
2024ലെ മലയാറ്റൂർ പുരസ്കാര ജേതാവായ യുവ കവി ബിജു പുരുഷോത്തമൻ, യുവകവി അനൂപ് ഉണ്ണിത്താൻ, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, നിസ്വ ഗവൺമെന്റ് ഹോസ്പിറ്റലിലെയും ബദർ അൽ സാമ ഹോസ്പിറ്റലിലേയും ജബൽ അക്തർ ഗവണ്മെന്റ് ഹോസ്പിറ്റലിലെയും തെരഞ്ഞെടുത്ത നഴ്സുമാർ, 35 വർഷങ്ങൾക്ക് മുകളിലായി പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലയിലുള്ളവർ എന്നിവരെ ആദരിച്ചു.
അനൂപ് ഉണ്ണിത്താന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘സ്നേഹപൂർവം മകൾക്ക് ’ എന്ന പുസ്തകം പ്രവാസി എഴുത്തുകാരി സേബാ ജോയ് കാനം പ്രകാശനം ചെയ്തു. ബിജു പുരുഷോത്തമൻ പുസ്തകം ഏറ്റ് വാങ്ങുകയും പുസ്തക പരിചയപ്പെടുത്തുകയും ചെയ്തു.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഭാരത് സേവക സമാജ് എന്ന സംഘടനയുടെ സാഹിത്യ പുരസ്കാരത്തിന് അർഹയായ സേബ ജോയ് കാന ത്തെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഇൻകാസ് നിസ്വ ജനറൽ സെക്രട്ടറി നൗഫൽ പൊന്നാനി സ്വാഗതവും റീജനൽ കമ്മിറ്റി ട്രഷറർ അരുൺ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.