തീപിടിത്തം തുടർക്കഥ; മുന്നറിയിപ്പ് ഉപകരണം ഘടിപ്പിക്കുന്നത് നന്നാകുമെന്ന് നിർദേശം

മസ്കത്ത്: താപനില ഉയർന്നതിനെ തുടർന്ന് രാജ്യത്ത് പലയിടത്തും തീപിടിത്തം തുടർക്കഥയായതോടെ സുരക്ഷ നിർദേശങ്ങളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രംഗത്ത്. താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലുമൊക്കെ തീപിടിത്തം പതിവായിട്ടുണ്ട്. അധികൃതർ നൽകുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സി.ഡി.എ.എ മുന്നറിയിപ്പ് നൽകുന്നു. സ്ഥാപനങ്ങളിലും വീടുകളിലും തീപിടിത്ത മുന്നറിയിപ്പ് ഉപകരണം (സ്‌മോക് അലാറം) സ്ഥാപിക്കുന്നത് അപകടങ്ങൾ കുറക്കാൻ സഹായകമാകുമെന്ന നിർദേശവും സി.ഡി.എ.എ മുന്നോട്ടുവെക്കുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത് 873 തീപിടിത്തങ്ങൾ ഉണ്ടായെന്നാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ സി.ഡി.എ.എ രാജ്യവ്യാപകമായി സുരക്ഷ മുൻകരുതലുകൾ എടുത്തുവരുകയാണ്. ഇതിന്‍റെ ഭാഗമായാണ് സ്മോക് അലാറം സ്ഥാപിക്കുന്നതു പോലെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്. സ്‌മോക് അലാറം സ്ഥാപിക്കണമെന്നത് നിയമമാക്കിയിട്ടില്ലെങ്കിലും എല്ലാവരും തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ ഇത് പ്രാവർത്തികമാക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തീപിടിത്ത സാധ്യതയുണ്ടെങ്കിൽ വീട്ടിലുള്ളവർക്ക് വ്യക്തമായ മുന്നറിയിപ്പ് ഈ ഉപകരണത്തിൽനിന്ന് ലഭിക്കും.

വിവിധ മുനിസിപ്പാലിറ്റികളും സി.ഡി.എ.എയുടെ കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. അപകടങ്ങളുടെ പ്രധാന കാരണമായ പാചകവാതക സംവിധാനം കെട്ടിടത്തിന്റെ പ്രത്യേക സ്ഥലത്ത് എല്ലാം ഒരുമിച്ച് സ്ഥാപിക്കണമെന്ന മുനിസിപ്പാലിറ്റിയുടെ നിർദേശം കെട്ടിട ഉടമകൾ നടപ്പാക്കിവരുകയാണ്. സി.ഡി.എ.എ ഓരോ മേഖലയിലും നിർദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് അപകടങ്ങൾ ഒഴിവാക്കാം. തീപിടിത്തമുണ്ടയാൽ 9999 എന്ന എമർജൻസി നമ്പറിലോ സി.ഡി.എ.എ ആംബുലൻസ് വിഭാഗം ഓപറേഷൻ സെന്റർ നമ്പറായ 24343666ലോ വിളിക്കാം.

Tags:    
News Summary - Civil Defense and Ambulance Authority said, better to install a fire alarm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.