മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും തെക്കൻ ശർഖിയയിലെ മരുഭൂമികളിലും താപനിലയിൽ ആപേക്ഷികമായ വർധനയാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ബത്തിന, മസ്കത്ത് ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും ചൂട് കൂടാൻ സാധ്യതയുണ്ട്. അറബിക്കടൽ തീരങ്ങളിലും പടിഞ്ഞാറൻ മുസന്ദം തീരങ്ങളിലും 1.25-1.5 മീറ്റർവരെ തിരമാലകൾ ഉയർന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പല വിലായത്തുകളിലും താരതമ്യേന ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ, രാത്രിയിൽ ജബൽ ഷംസിലെ താപനില 13.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അൽ ജാസിർ (20.6 ഡിഗ്രി സെൽഷ്യസ്), ജബൽ അൽ അഖ്ദറിലെ സായിഖ് (21.2), സലാല, ഹൈമ, മക്ഷാൻ, മിർബാത്ത് എന്നിവിടങ്ങളിൽ (22) എന്നിവയാണ് രാത്രിയിൽ താഴ്ന്ന താപനില രേഖപ്പെടുത്തിയ മറ്റു സ്ഥലങ്ങൾ. ഏറ്റവും കൂടുതൽ താപനിലയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഫഹൂദ്, ഹംറ അദ് ദുരു, അൽ സിനൈന, ദിമ വത്തയാൻ (43), ആദം, അൽ മുദൈബി, അൽ ഖബീൽ, ബിദിയ (40ന് മുകളിൽ) എന്നിവയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മിക്ക ഗവർണറേറ്റുകളിലും പ്രധാനമായും തെളിഞ്ഞ ആകാശമാണെങ്കിലും അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ രാത്രി വൈകിയും പുലർച്ചയും വരെ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഒമാനിൽ കാലാവസ്ഥക്ക് വലിയ വ്യതിയാനമാണ് പ്രകടമാവുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഗതിയിൽ ആഗസ്റ്റോടെ താപനില കുറയാറുണ്ട്. സെപ്റ്റംബറോടെ വീണ്ടും കുറഞ്ഞ് ഒക്ടോബറിൽ മിതമായ ചൂടും തണുപ്പുമുള്ള സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.
നവംബറിൽ നല്ല തണുപ്പും ഡിസംബറിലും ജനുവരിയിലും ഇത് തുടരുകയും ചെയ്യും. എന്നാൽ, ഒക്ടോബർ എത്തിയിട്ടും ഒമാനിൽ പരക്കെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഒമാന്റെ പല ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന്റെ മുകളിലാണ് താപനില. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മസ്കത്ത് അടക്കമുള്ള പല ഭാഗങ്ങളിലും കടുത്ത ചൂടാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. 40 ഡിഗ്രി സെൽഷ്യസിനടുത്താണ് മസ്കത്ത് മേഖലയിലെ താപനില. ഒക്ടോബറിൽ ആയിട്ടും താപനില കുറഞ്ഞിട്ടില്ല. ഒക്ടോബറിൽ ഇത്രയും കടുത്ത ചൂട് ഇതുവരെ അനുഭവിച്ചില്ലെന്ന് ചില ആദ്യകാല പ്രവാസികൾ പറയുന്നു. അതോടൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിൽ തണുപ്പ് കുറയുകയാണെന്നും ഇവർ പറയുന്നു. മുൻകാലങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഒമാനിൽ കൊടും തണുപ്പ് അനുഭവപ്പെടാറുണ്ടായിരുന്നു. പലരും പകൽ സമയത്തുപോലും ജാക്കറ്റിട്ടാണ് പുറത്തിറങ്ങിയിരുന്നത്. എന്നാൽ, അടുത്തിടെയായി ഏതാനും ദിവസങ്ങളിൽ മാത്രമാണ് നല്ല തണുപ്പ് അനുഭവപ്പെടുന്നത്. അതും രണ്ടോ മൂന്നോ ദിവസം മാത്രമാണ് കൊടും തണുപ്പ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.