മസ്കത്ത്: അപൂർവ ചെടികളും ജീവികളും അധിവസിക്കുന്ന ദാഖിറ ഗവർണറേറ്റ് ജൈവ വൈവിധ്യങ്ങളുടെ അപൂർവത കൊണ്ട് ശ്രദ്ധേയമാകുന്നു. ഗവർണറേറ്റിെൻറ അനിതരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജീവ ജാലങ്ങൾക്ക് ഏറെ അനുകൂലമാണ്. ഗവർണേററ്റിെെൻറ കിഴക്ക് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന പർവതനിരകൾ ചൂട് കാലത്ത് മിതമായ കാലാവസ്ഥയും ശൈത്യകാലത്ത് തണുപ്പും നൽകുന്നു. ഇക്കാരണത്താൽ ഇൗ മേഖലയിൽ അപൂർവ ഇനം മരങ്ങൾ കാണാനാവും. ഇബ്രി വിലായത്തിലെ ജബൽ അൽ സറാത്ത് മേഖലയിൽ കണ്ട് വരുന്ന അലീലാൻ മരം ഇതിൽ പ്രധാനമാണ്.
പർവത മുകളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന വാദികൾ ഗവർണറേറ്റിലെ പല ഭാഗങ്ങളിലും ജലസമൃദ്ധി നൽകുന്നു. നീരുറവകൾ വഴി വെള്ളം കിട്ടുന്നതോടൊപ്പം ഗവർണറേറ്റിൽ ഇടക്കിടെ പെയ്യുന്ന മഴ മൃഗങ്ങൾക്കും സസ്യജാലങ്ങൾക്കും അനുഗ്രഹമാവാറുണ്ട്.
ഗവർണറേറ്റിൽ വ്യത്യസ്തമായ കാലാസ്ഥ അനുഭവപ്പെടുന്നത് ദേശാടന പക്ഷികളെ ഏറെ ആകർഷിക്കുന്നതായി പരിസ്ഥിതി വിഭാഗം ഡയറക്ടർ താരീഖ് അൽ മഅ്മരി പറഞ്ഞു.ചില പക്ഷികൾ പൂക്കാലത്തും സസ്യങ്ങൾ വളരുന്ന കാലത്തുമാണ് ഇണചേരലിനെത്തുന്നത്. യൂറോപ്പിൽ നിന്നുള്ള വായാടി പക്ഷി വസന്ത കാലത്താണ് എത്തുന്നത്.
വംശനാശ ഭീഷണി നേരിടുന്ന മരുകൊക്ക് ഹേമന്ത, ശിശിര കാലങ്ങളിൽ ശരിയായ രീതിയിൽ ഭക്ഷണവും തങ്ങാനുള്ള സൗകര്യവും ലഭിക്കുന്നതിനാൽ മരുഭൂമിയിൽ നിന്ന് ഇവിടെ എത്താറുണ്ട്. മരുഭൂപ്രദേശങ്ങളിൽ മറ്റും കൂട്ടം കൂട്ടമായി കണ്ട് വരുന്ന പൂച്ചപ്പുള്ള് എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ദാഖിറ.
പരുന്ത് അടക്കമുള്ള നിരവധി ദേശാടന പക്ഷികൾ പ്രജനനത്തിനായി ഗവർണറേറ്റിൽ എത്താറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ സങ്കേതം കൂടിയാണ് ദാഖിറ. അറേബ്യൻ മലയാട്, അറേബ്യൻ കലമാൻ, അഫ്ഗാൻ കുറുക്കൻ, കാട്ടുപൂച്ച എന്നിവ ഇതിൽ ഉൾപ്പെടും.
ഗവർണറേറ്റിെല സമതലങ്ങളിൽ നിരവധി വന വൃക്ഷങ്ങളും വളരുന്നുണ്ട്. ഒമാനിൽ വ്യാപകമായി കണ്ട് വരുന്ന സുമർ, സിദർ മരങ്ങളും ഇവിടെ വ്യപകമായുണ്ട്.
ഗവർണറേറ്റിലെ ഭൂപ്രകൃതിക്ക് ഏറെ അനുയോജ്യമായ സുമർ, ഗാഫ്, സിദ്ർ, ശുആ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പരിസ്ഥിതി മന്ത്രാലയം പ്രോൽസാഹനം നൽകുന്നുണ്ട്. പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാൻ ഗവർണറേറ്റിലെ പൗരന്മാരും ഏറെ സഹകരിക്കുന്നുണ്ട്.
അതോടൊപ്പം ഒമാനിൽ മരുഭൂവത്കരണം തടയാനും പച്ചപ്പുകൾ വർധിപ്പിക്കാനും രാജ്യത്ത് പത്ത് ദശലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുമാനും പരിസ്ഥിതി മന്ത്രാലയം മുേന്നാട്ട് പോവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.