മസ്കത്ത്: കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം പുതിയ ഉയരത്തിൽ. വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 1060 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 164 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആശുപത്രിയിൽ ചികിത്സയിലുള്ളവർ ഇരട്ടിയായി ഉയർന്നിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും ഏതാനും ആഴ്ചകളായി ഉയരുകയാണ്.
വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 345 പേരാണ് ഐ.സി.യുവിലുള്ളത്. ഒമാനിൽ ഒരു രോഗം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണവും ഇതാണ്. 1640 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,30,219 ആയി. 19 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2467 ആയി. 951 പേർക്ക് കൂടി രോഗം ഭേദമായി. 2,07,795 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്തെ പുതിയ കോവിഡ് കേസുകളാകട്ടെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധിച്ചിട്ടുണ്ട്.
മുൻ തരംഗത്തെ അപേക്ഷിച്ച് ഇക്കുറി രോഗികളുടെ എണ്ണത്തിൽ നല്ല വർധനയുള്ളതായി സുൽത്താൻ ബാബുസ് സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ഫരിയാൽ അൽ ലവാത്തി പറഞ്ഞു. പെരുന്നാൾ സമയത്തെ ഒത്തുചേരലുകളാണ് ഇപ്പോഴുള്ള രോഗ പകർച്ചക്ക് കാരണം. നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ രോഗികളുടെ എണ്ണം കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. വാക്സിൻ എടുത്താൽ സുരക്ഷിതരെന്ന് കരുതി മുഖാവരണം ധരിക്കാത്തവരുമുണ്ട്. മുൻഗണനാ പട്ടികയിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാകുന്നത് വരെയെങ്കിലും സുരക്ഷാ നടപടികൾ പാലിക്കണം.
ചില ഗവർണറേറ്റുകളിൽ വാക്സിൻ എടുക്കാനെത്തുന്നവരുടെ എണ്ണം കുറവാണ്. വാക്സിനേഷന് എതിരായ പ്രചാരണമാണ് ഇതിന് കാരണം. സ്ഥിതിഗതികൾ ആശങ്കാജനകമാണ്. വരും ആഴ്ചകളിലും രോഗികളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നതെന്നും ഡോ. ഫരിയാൽ പറഞ്ഞു. രോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യ മേഖലയിൽ സമ്മർദമുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും കോവിഡ് രോഗികൾക്കായി കൂടുതൽ മുറികൾ ഒരുക്കുന്നുണ്ട്. ഇത് മറ്റു സേവനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഡോ. ഫരിയാൽ പറഞ്ഞു.
ഒമാനിൽ മൊബൈൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നു
ആസ്റ്ററുമായി സഹകരിച്ചാണ് ആരംഭിക്കുന്നത്
മസ്കത്ത്: മുൻഗണനാ പട്ടികയിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ ഉറപ്പുവരുത്തുന്നതിനായി ഒമാനിൽ മൊബൈൽ കേന്ദ്രങ്ങൾ തുടങ്ങുന്നു. ആസ്റ്ററുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബസുകളാണ് മൊബൈൽ യൂനിറ്റുകളാക്കി മാറ്റുക. ഒമാൻ ഓട്ടോമോട്ടിവ് അസോസിയേഷൻ ആസ്ഥാനത്ത് ഇതിെൻറ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ശേഷം തലസ്ഥാന ഗവർണറേറ്റിലും മറ്റ് ഗവർണറേറ്റുകളിലും ഇവ വിന്യസിക്കും. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടുള്ള വിദൂര സ്ഥലങ്ങളിലുള്ള 45 വയസ്സും മുകളിലും പ്രായമുള്ള ഒമാനികൾക്കായിരിക്കും ഇവയുടെ സേവനം പ്രധാനമായും ലഭ്യമാവുക. മുൻഗണനാ പട്ടികയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാത്രമേ സമയത്തിന് രോഗപ്രതിരോധ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. ജൂൺ അവസാനത്തോടെ 15 ലക്ഷം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
വാക്സിനേഷന് ഡ്രൈവ് ത്രൂ സെൻററും
മസ്കത്ത്: കോവിഡ് വാക്സിനേഷന് വേണ്ടി ഡ്രൈവ് ത്രൂ സെൻററും ഒരുങ്ങുന്നു. മാസ് വാക്സിനേഷൻ കാമ്പയിെൻറ ഭാഗമായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലാണ് ഈ സൗകര്യമൊരുക്കുക. ഇതിന് സൗകര്യങ്ങളൊരുക്കുന്ന ജോലികൾ നടന്നുവരുകയാണ്. വൈകാതെ ഇത് പ്രവർത്തനമാരംഭിക്കും. വാഹനത്തിൽ നിന്നിറങ്ങാതെ 20 മിനിറ്റിനുള്ളിൽ വാക്സിൻ സ്വീകരിച്ച് മടങ്ങാൻ ഇവിടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.