മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച മുതൽ മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ബാധിച്ചേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ബുധനാഴ്ച രാവിലെവരെ ചുഴലിക്കാറ്റിന്റെ ദിശയിൽ ചാഞ്ചാട്ടമാണ് കാണിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു.
ഒമാൻ തീരത്തിന് സമീപം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിലേക്ക് മാറാനുള്ള സാധ്യത പരിഗണിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം. വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്‍റെ പാതയാണെങ്കിൽ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ സുൽത്താനേറ്റിന്റെ തീരങ്ങളിൽ നേരിട്ടുള്ള ആഘാതം നേരിടുമെന്ന് അൽ ഖദൂരി ഒമാനി റേഡിയോക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
ഒമാൻ കാലാവസ്ഥാ നിരീക്ഷണം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ മുന്നറിയിപ്പ് സർക്കുലർ ഇറക്കുമെന്ന് അൽ ഖദൂരി പറഞ്ഞു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളെ ബാധിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് രാജ്യത്തേക്ക് പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനാണ് ഏറ്റവും സാധ്യത. ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നത് തുടരുകയാണ്. ഇതിന്റെ കേന്ദ്രം സുൽത്താനേറ്റിന്റെതീരത്ത് നിന്ന് 1,133 കിലോമീറ്റർ അകലെയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.