മസ്കത്ത്: സലാലയിലെ വിവിധ ഭക്ഷണ സ്ഥാപനങ്ങളിൽ പരിശോധന കാമ്പയിനുമായി ദോഫാർ മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
പരിശോധനയിൽ പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി. ആറ് ബേക്കറികളും എട്ട് ഷവർ കഫേകളും അടച്ചുപൂട്ടി. ജ്യൂസ് പാക്കേജിങ് ഫാക്ടറികളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒരു പ്രൊഡക്ഷൻ ലൈൻ താൽക്കാലികമായി നിർത്തിവെപ്പിച്ചു. കൂടാതെ, ആരോഗ്യചട്ടങ്ങൾ പാലിക്കാത്തതിന് ഹോട്ടൽ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് നിയമലംഘനങ്ങളും കണ്ടെത്തി.
ഭക്ഷ്യസുരക്ഷ നടപടികളുടെ സ്ഥിരം മേൽനോട്ടത്തിന് രാവിലെയും വൈകുന്നേരവും നടത്തുന്ന ദൈനംദിന പരിപാടിയുടെ ഭാഗമാണ് പരിശോധനയെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
തിരിച്ചറിഞ്ഞ എല്ലാ ലംഘനങ്ങളും ശരിയാക്കുകയും ആരോഗ്യചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതുവരെ പൂട്ടിയിട്ട സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.