സലാല: സലാലയിലെത്തുന്ന സന്ദർശകർക്ക് എന്നും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും 'ഭൂഗുരുത്വ രഹിത' പോയന്റ്. ഭൂമിയുടെ ഗുരുത്വാകർഷണം അല്ലെങ്കിൽ കാന്തശക്തി നമുക്ക് അറിയാവുന്നതാണ്. ഭൂമി എല്ലാ വസ്തുക്കളും താഴേക്ക് അകർഷിക്കുന്നു. അതുകൊണ്ടാണ് മുകളിൽനിന്ന് താഴേക്ക് വീഴുന്നതും വാഹനങ്ങളും മറ്റും താഴേക്ക് ഇറങ്ങുന്നതും. ലോകത്തിലെ വിരളമായ ചില പോയന്‍റുകളിൽ ഭൂഗുരത്വമില്ല. അത്തരം അപൂർവ മേഖലകളിലൊന്നാണ് സലാലയിലെ ഭൂഗുരുത്വ രഹിത മല. ഒമാനിൽ മറ്റെവിടെയും ഈ പ്രതിഭാസമില്ലാത്തതിനാൽ നിരവധി സന്ദർശകരാണ് ഭൂഗുരുത്വ രഹിത മലയിലെ പോയന്റ് കാണാനെത്തുന്നത്.
ഈ മേഖലയിലെത്തുന്ന സന്ദർശകർ തങ്ങളുടെ വാഹനം നിർത്തി ന്യൂട്രലിൽ ഇട്ടാൽ പ്രത്യേക ദൂരംവരെ മുകളിലോട്ട് കയറും. വാഹനങ്ങൾ 40-60 കിലോമീറ്റർ വരെ വേഗത്തിലാണ് ഓടുക. വലിയ വൃത്താകൃതിയിലുള്ള വെള്ള പത്രമോ മറ്റോ ഉരുട്ടിയാൽ വളരെ വേഗത്തിൽ മുകളിലേക്ക് ഉരുണ്ടുപോവുകയും ചെയ്യും.
സലാലയിലെ മഹാ പ്രതിഭാസം സംബന്ധമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് സംബന്ധമായ വ്യക്തമായ അറിവ് ലഭ്യമായിട്ടില്ല. പ്രദേശം മാഗ്നറ്റിക് ഹിൽ, ഗ്രാവിറ്റി ഹിൽ, മാഗ്നറ്റിക് പോയന്റ് എന്നിങ്ങനെ അറിയപ്പെടുന്നു.
സലാലയിൽനിന്ന് മിർബാത്ത് റോഡിലൂടെയാണ് മാഗ്നറ്റിക് പോയന്റിലേക്കുള്ള പാത. വാദീ ദർബാത്തിൽനിന്ന് 20 മുതൽ 30 മിനിറ്റ് വരെ കിഴക്കോട്ട് വാഹനം ഓടിക്കണം. സലാല മിർബാത്ത് റോഡിൽ താവി അത്തൈറിൽ എത്തുമ്പോൾ വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിക്കുകയും പിന്നീട് ഉൾഭാഗത്തെ നേരെയുള്ള റോഡിലൂടെ പോവുകയും വേണം.
താവീ അതൈറിൽനിന്ന് തിരിയുമ്പോൾതന്നെ വാഹനത്തിന് വേഗം കുറക്കുകയും സ്ഥലം നിരീക്ഷിക്കുകയും വേണം. പ്രത്യേകിച്ച് ബോർഡുകളോ മാർക്കിങ്ങുകളോ ഇല്ലാത്തതിനാൽ സ്ഥലം കണ്ണിൽ പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. വലതു ഭാഗത്തെ തുറസ്സായ സ്ഥലത്ത് വലിയ മരം കാണുന്നതുവരെ വാഹനം ഓടിക്കണം. പിന്നീട് റോഡിൽ താഴോട്ട് പോവുന്ന വളവുകൾ കാണാം. അത് കഴിഞ്ഞാലാണ് കയറ്റം.
ഇവിടെയാണ് മാന്ത്രികത അനുഭവപ്പെടുന്നത്. സലാല ഫെസ്റ്റിവൽ കാലത്തും അല്ലാതെയും നിരവധി പേരാണ് മാഗ്നക് പോയൻറ് അല്ലെങ്കിൽ ഭൂഗുരുത്വ രഹിത മേഖല അനുഭവിക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.