മസ്കത്ത്: യാത്രകളെന്നും മനോഹരമാണ്, യാത്ര പറച്ചിൽ ബുദ്ധിമുട്ടേറിയതുമാണ്, യാത്ര പറച്ചിലിനു പോലും നിൽക്കാതെ പെെട്ടന്ന് പോകുന്നവരോ? കഴിഞ്ഞ വാരാന്ത്യത്തിൽ നിസ്വ വാദി തനൂഫിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഹുസ്സാം അൽ ബലൂഷിയുടെ വിയോഗ വാർത്ത ഒമാനിലെ മലകയറ്റ പ്രേമികളായ മലയാളികളടക്കമുള്ളവർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഹുസ്സാമടക്കം നാലുപേരാണ് ഈ അപകടത്തിൽ മരിച്ചത്.
സാഹസിക യാത്രകൾ ജീവിതമാർഗമാക്കിയ ഹുസ്സാം ഒമാൻ അഡ്വഞ്ചേഴ്സ് ഗ്രൂപ്പിലെ അംഗമാണ്. വാരാന്ത്യങ്ങളിൽ മലകളിലെ ട്രക്കിങ് ശീലമാക്കിയ മലയാളികളടക്കം പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഹുസ്സാം. കൃത്യമായ മാർഗരേഖകൾ കൊടുത്ത് വർഷങ്ങളായി ഒരുപാട് യാത്രക്കാരെ മുന്നോട്ട് നയിക്കുന്ന യാത്രാ സ്നേഹി. എല്ലാവരോടും ചിരിച്ചു പെരുമാറുന്ന പ്രകൃതം, അങ്ങനെ ഹുസാമിനെ കുറിച്ച് പറയാൻ വിശേഷങ്ങൾ ഏറെയാണ്.
കഴിഞ്ഞ വാരാന്ത്യത്തിലാണ് ഒമാനെ ഞെട്ടിച്ച അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 പേരുമായാണ് ഹുസ്സാമും സംഘവും ട്രക്കിങ്ങിനായി പോയത്. പെട്ടെന്നുണ്ടായ മഴയിൽ വാദി നിറഞ്ഞൊഴുകിയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘാംഗങ്ങൾ താഴ്വരയിലെത്തിയപ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടർന്ന് ഹുസ്സാം സംഘാംഗങ്ങളെ മൂന്ന് വിഭാഗമായി തിരിച്ചു. ആദ്യ രണ്ട് സംഘങ്ങൾ സുരക്ഷിത സ്ഥാനത്തെത്തിയപ്പോൾ മൂന്നാമത്തെ വിഭാഗത്തിലുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഇവർ എത്താൻ വൈകുന്നത് കണ്ട് രക്ഷിക്കാനായി സുരക്ഷിത സ്ഥലത്ത് നിന്ന് തിരികെയെത്തിയ ഹുസ്സാമും വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.
ഹുസ്സാമിന്റെ വിയോഗം ഒരിക്കലെങ്കിലും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തവർക്ക് വലിയ നഷ്ടമാണെന്ന് മലയാളി ഹൈക്കിങ് ടീം അംഗമായ ഡോക്ടർ ഷിഫാന പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഗാലക്ക് സമീപമുള്ള സാൽകേവിലേക്ക് താനും സുഹൃത്തുക്കളും ഹുസ്സാമിനൊപ്പം യാത്ര പോയിരുന്നു.
യാത്രക്കിടയിലെ വിശ്രമ വേളയിൽ ഹുസാം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും മലനിരകളും താഴ്വാരങ്ങളും കൊണ്ട് വിശാലമായ ഒമാനിലെ ഒളിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെകുറിച്ചുമൊക്കെയാണ് സംസാരിച്ചതെന്നും ഷിഫാന ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.