മസ്കത്ത്: തെക്കൻ ബാത്തിനയിൽനിന്ന് ജബൽ അഖ്ദറിലേക്കുള്ള ബദൽ പാതയുടെ പ്രാഥമിക സാധ്യത പഠനം പൂർത്തിയായതായി അധികൃതർ. കൂടാതെ, പ്രശസ്തമായ ഹിൽ സ്റ്റേഷനിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ജബൽ ഷംസിലേക്ക് 32 കിലോമീറ്റർ റോഡ് സ്ഥാപിക്കാനുള്ള പദ്ധതികളും നടന്നുവരുകയാണ്. ദാഖിലിയ ഗവർണറുടെ ഓഫിസിൽ നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
യോഗത്തിൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ സഈദ് അൽ ഹജ്രി അധ്യക്ഷത വഹിച്ചു. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐ.ടി) ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പങ്കെടുത്തു.
ഫോർവീൽ ഡ്രൈവ് വാഹനങ്ങളില്ലാതെ ജബൽ അഖ്ദറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാണ് ബദൽ റോഡ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹജ്രി പറഞ്ഞു. ആത്യന്തികമായി പ്രകൃതിരമണീയമായ ഹരിത പർവതങ്ങളിലേക്ക് ടൂറിസ്റ്റ് സഞ്ചാരം വർധിക്കുകയും ചെയ്യും. ഭവന, നഗരാസൂത്രണ മന്ത്രാലയവുമായി സഹകരിച്ചാണ് റോഡിന്റെ പ്രാഥമിക സാധ്യതാ പഠനം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വികസന പദ്ധതിയായാണോ നിക്ഷേപം ക്ഷണിച്ചിട്ടാണോ നടപ്പാക്കുകയെന്ന് തീരുമാനിക്കാൻ കൂടുതൽ വിശകലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മബേലയെ ദാഖിലിയയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബദൽ റോഡ് പദ്ധതിയും യോഗം വിലയിരുത്തി. ദാഖിലിയ, തെക്ക്-വടക്കൻ ശർഖിയ എന്നിവിടങ്ങളിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾക്കും ട്രക്കുകൾക്കും ഈ റോഡ് ഗുണകരമാകും. പദ്ധതിക്കായുള്ള പ്രാഥമിക സാധ്യത പഠനങ്ങൾ ധനമന്ത്രാലയം നിയോഗിച്ച കൺസൽട്ടന്റ് നടത്തിയിട്ടുണ്ടെന്നും നിർദിഷ്ട റോഡ് റൂട്ടുകൾ നിലവിൽ അവലോകനത്തിലാണെന്നും ഗവർണർ പറഞ്ഞു. ജൂൺ അവസാനത്തോടെ റുസൈൽ-ബിദ്ബിദ് റോഡിന്റെ 66 ശതമാനം പൂർത്തിയായതായി എം.ടി.സി.ഐ.ടിയുടെ റോഡ് നിർമാണ വിഭാഗം മേധാവി റാനിയ മസൂദ് അൽ മൊക്ബാലിയ അറിയിച്ചു.
ജബൽ ഷംസ് റോഡ് പദ്ധതി നടപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത യോഗത്തിൽ ഷമാഖി സ്ഥിരീകരിച്ചു. 32 കിലോമീറ്റർ റോഡ് പദ്ധതിയുടെ ടെൻഡർ രേഖകൾ ടെൻഡർ ബോർഡിന് സമർപ്പിക്കുന്നതിന് അന്തിമമായതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.