ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
മസ്കത്ത്: ഈദുൽ ഫിത്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണികളിൽ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). സീസണിൽ സാധാരണയായി ആവശ്യകത വർധിക്കുന്ന മേഖലകളിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും വില നിരീക്ഷിക്കുക, വ്യാപാരികളുടെയും സേവന ദാതാക്കളുടെയും ഭാഗത്തുനിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത മൂലം ഉണ്ടാകുന്ന ചൂഷണം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.
പർച്ചേസ് ഇൻവോയ്സുകളുമായി വിലകൾ താരതമ്യം ചെയ്യുക, ഇടക്കിടെ പരിശോധന നടത്തുക, ആവശ്യമെങ്കിൽ സാമ്പിളുകൾ എടുക്കുക എന്നിവയുൾപ്പെടെ ഒന്നിലധികം സംവിധാനങ്ങളാണ് അഭലഷണീയമായ കാര്യങ്ങൾ ഒഴിവാക്കാനായി ആസൂത്രണം ചെയ്തിരിക്കുന്നത്. പരാതികൾ പരിഹരിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് ഡിജിറ്റൽ അക്കൗണ്ടുകൾ പരിശോധിക്കുന്ന ഒരു പ്രത്യേക സംഘം വഴി ഇ-കൊമേഴ്സിലും നിരീക്ഷണം നടത്തുന്നുണ്ട്.
പ്രമോഷനൽ ഓഫറുകളെ സംബന്ധിച്ചിടത്തോളം, വിൽപന കാലയളവിലുടനീളം പെർമിറ്റുകൾ, യഥാർഥ കിഴിവ് നിരക്കുകൾ, ഉൽപന്ന ലഭ്യത എന്നിവ സി.പി.എ നിരീക്ഷിക്കുന്നു. ഉപഭോക്താക്കൾ ബോധപൂർവം ഷോപ്പിങ് നടത്താനും, ഓഫറുകളുടെയും വെബ്സൈറ്റുകളുടെയും ആധികാരികത പരിശോധിക്കാനും, ആവേശകരമായ വാങ്ങലുകൾ ഒഴിവാക്കാനും ഇത് പ്രേരിപ്പിക്കുന്നു.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ വാണിജ്യ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും പ്രതിജ്ഞബദ്ധമണെന്ന് സി.പി.എ വ്യക്തമാക്കി. ഏതെങ്കിലും പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.