വിനിമയ നിരക്ക് റെക്കോഡ് ഉയരത്തിൽ; റിയാലിന് 203 രൂപ

മസ്കത്ത്: റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും റെക്കോഡ് ഉയരത്തിലെത്തി. ഒരു റിയാലിന് 203 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ശനിയാഴ്ച നൽകിയത്. ഞായറാഴ്ചയും ഇതേ നിരക്ക് തന്നെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് കഴിഞ്ഞ കുറെ ദിവസമായി ഉയരുകയാണ്. മേയ് ഒമ്പതിന് ഒരു റിയാലിന് 200 രൂപ എന്ന നിരക്കിലെത്തിയ ശേഷം വിനിമയ നിരക്ക് താഴേക്ക് പോയിട്ടില്ല. ചെറിയ വ്യത്യാസത്തിൽ 200 രൂപയിൽ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ, ജൂൺ 14 ന് വിനിമയ നിരക്ക് 203 രൂപക്ക് തെട്ടടുത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് 189 രൂപയിലായിരുന്നു വിനിമയ നിരക്ക്. പിന്നീട് ഉയർന്ന് ഡിസംബറിൽ 198 രൂപയിലെത്തിയെങ്കിലും വീണ്ടും താഴേക്ക് പോവുകയും 191 രൂപ വരെ എത്തുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി ഏറെ നേരിടുന്ന അവസരത്തിൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ഏറെ ആഹ്ലാദം പകരുന്നുണ്ട്.

ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോഡിലാണ് ഇടിഞ്ഞത്. ഒരു ഡോളറിന് 78.33 രൂപയാണ് വെള്ളിയാഴ്ച ക്ലോസിങ് റേറ്റ്. വ്യാഴാഴ്ച ഒരു ഡോളറിന് 78.32 രൂപയായിരുന്നു വിനിമയ നിരക്ക്. വെള്ളിയാഴ്ച ഒരു രൂപയാണ് ഇടിഞ്ഞത്. ലോകത്ത് വീണ്ടും സാമ്പത്തിക മാന്ദ്യം വരാനുള്ള സാധ്യത ലോകബാങ്ക് അധികൃതർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നതിന് മുമ്പ് യുക്രെയ്ൻ യുദ്ധം മൂലം ഉടലെടുത്ത പുതിയ പ്രശ്നങ്ങൾ ലോക രാജ്യങ്ങളെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിൽ പണപ്പെരുപ്പം വർധിച്ചതോടെ അത് നിയന്ത്രിക്കാനുള്ള നടപടികൾ അമേരിക്കൻ റിസർവ് ബാങ്ക് ആരംഭിച്ചതാണ് ഡോളർ ശക്തമാവാൻ കാരണമായത്. ഇതിനായി ശക്തമായ സാമ്പത്തിക നയങ്ങളാണ് അമേരിക്ക നടപ്പാക്കുന്നത്. കൂടാതെ എണ്ണ വില വർധന അടക്കമുള്ള നിരവധി കാരണങ്ങളും അമേരിക്കൻ ഡോളർ ശക്തമാവാൻ കാരണമാക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ വിപണിയിൽനിന്ന് ഓഹരികൾ പിൻവലിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചു. 2,920.61 കോടി രൂപയാണ് ഇവർ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചത്. ഇതിനാൽ ഇന്ത്യൻ ഓഹരി വിപണി സർവകാല തകർച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ മറ്റ് രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഷ്യ- യുക്രെയ്ൻ യുദ്ധമാണ് ലോക സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുന്നത്. നിലവിൽ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം ലോക രാജ്യങ്ങളെ അലട്ടുന്നുണ്ട്. ജപ്പാന്‍റെ ഉൽപാദന മേഖല കഴിഞ്ഞ ആറ് മാസമായി വൻ തകർച്ചയിലാണ്.

അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യത കാരണം സ്പെയർപാർട്സ് ക്ഷാമം നേരിടുന്നതിനാൽ ടൊയോട്ട വാഹനങ്ങളുടെ ഉൽപാദനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജൂലൈ മാസത്തിൽ 50,000 വാഹനങ്ങളുടെ ഉൽപാദനമാണ് കുറച്ചത്.

ബ്രിട്ടൻ, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധി അലട്ടുന്നുണ്ട്. ഡോളർ ശക്തമാവുന്നത് ഇന്ത്യൻ രൂപയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. 

Tags:    
News Summary - Exchange rates at record highs; 203 for the riyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.