മത്ര: നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം നല്കിയ നല്ലോര്‍മകളുമായി മത്രക്കാരുടെ അഫീല്ക്ക പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു.1985ല്‍ തുടങ്ങിയതാണത്രെ പ്രവാസ ജീവിതം. മുംബൈയില്‍നിന്നും പഴയ സീബ് എയര്‍പോട്ടില്‍ വന്നിറങ്ങി ആദ്യ രണ്ട് വര്‍ഷം വാദി കബീറിലുണ്ടായിരുന്ന ബന്ധുവിന്റെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി.
തുടര്‍ന്ന് സ്വന്തമായി ബിസിനസ് ചെയ്യുകയെന്ന നിശ്ചയവുമായി പല മേഖലകളിലും പ്രവര്‍ത്തിച്ചു. മത്ര ബലദിയ്യ പാര്‍ക്കിലുള്ള ഹോള്‍സെയില്‍ മാര്‍കറ്റ് കേന്ദ്രീകരിച്ചാണ് ശിഷ്ടകാല ബിസിനസും ജീവിതവും മറ്റു വ്യവഹാരങ്ങളും തുടര്‍ന്നുകൊണ്ട് പോയത്. മലയാളികളുടെ വിഹാര കേന്ദ്രമായ ഇവിടത്തെ ജീവിതം കൊണ്ട് വിരസതയോ മടുപ്പോ തോന്നാത്ത വിധം ജീവിതം കരക്കടുപ്പിക്കാന്‍ സാധിച്ചതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
അതിരാവിലെ സജീവമായാല്‍ രാത്രി ഏറെ വൈകും വരെ നീളുന്ന സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളാല്‍ സജീവമാകാറുള്ള മത്രയോട് വിടപറയാന്‍ വിഷമമുണ്ടെങ്കിലും മടക്കം അനിവാര്യമായി തോന്നിയതിനാലാണ് പ്രവാസത്തിന് വിരാമമിടുന്നത്. ജീവിത പങ്കാളിയും ഉമ്മയും അടുത്തടുത്ത നാളുകളില്‍ വിടപറഞ്ഞുപോയത് മാനസികമായി തകര്‍ന്ന അവസ്ഥയിൽപ്പെട്ടത് മറികടക്കാനാവുന്നില്ലെന്നതാണ് രംഗമൊഴിയാന്‍ ഒരു കാരണമായി വര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്ര കേന്ദ്രീകരിച്ചാണ് നാല് ദശാബ്ദം നീണ്ട ജോലികള്‍ ചെയ്തു വന്നത്. ആദ്യ രണ്ട് വര്‍ഷത്തിനുശേഷം 37വര്‍ഷമായി ഒരേ സ്പോണ്‍സറിന്റെ വിസയിലാണ് കഴിഞ്ഞിരുന്നത്.
തുടക്കത്തില്‍ മത്രയില്‍നിന്നും ചോക്ലേറ്റ് സാധനങ്ങള്‍ എടുത്ത് മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണമായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് ചോക്ലേറ്റ്, കളിക്കോപ്പുകള്‍ തുടങ്ങിയവ മൊത്തമായി വാങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന പണികളിലേർപ്പെട്ടു. 80കളില്‍ മസ്കത്തിലെത്തുന്ന മലയാളികളുടെ പ്രധാന വിപണന മേഖയായിരുന്നു.
സ്റ്റേഷനറി, കോസ്മറ്റിക്ക് ഇനങ്ങള്‍ വാഹനങ്ങളില്‍ നിറച്ചുള്ള വ്യാപര രംഗം.'വണ്ടി കച്ചോടം'എന്നാണ് അന്നതിന് വിളിപ്പേര്. 90കളില്‍ മത്ര ഹോള്‍സെയില്‍ മാര്‍കറ്റില്‍ നിന്നും ഉല്പന്നങ്ങള് വാഹനങ്ങളില്‍ നിറച്ച് ഒമാന്റെ മുക്കിലും മൂലകളിലും എത്തിക്കുന്ന പണികളിലേർപ്പെട്ട് കഴിഞ്ഞിരുന്ന മലയാളികളായ നിരവധിപേർ അക്കാലത്ത് ഉണ്ടായിരുന്നതായി അഫീല്ക്ക ഓര്‍ക്കുന്നു.
പില്ക്കാലത്ത് അത്തരം വാഹനങ്ങളുടെ നിയന്ത്രണവും കച്ചവടവും സ്വദേശി വല്ക്കരിച്ചതോടെ കളം വിട്ടു. പിന്നീട് വീട്ടുപകരണങ്ങളുടെ ബിസിനസിലാണ് ശ്രദ്ധ കേന്ദീകരിച്ചത്. ഇന്നത്തെ രീതിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യാപകമാകുന്നതിന് മുന്നേ തൊണ്ണൂറുകളില്‍ മസ്കത്തില് ഹിറ്റായ കച്ചവടരംഗമായിരുന്നു 'വണ്‍ടുത്രി' ഷോപ്പുകള്‍.
അത്തരം കച്ചവടം വ്യാപകമായതോടെ അവര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ ദുബൈ, ചൈനയില്‍ എന്നിവിടങ്ങളിനിന്നും വരെ എത്തിച്ചു കൊണ്ട് കച്ചവടരംഗത്ത് ശോഭിച്ച കാലവും കടന്നു പോയതായി അഫീല്‍ പറയുന്നു. ചൈനീസ് വിപണിയില്‍ ഇറങ്ങുന്ന ഏറ്റവും ലേറ്റസ്റ്റായ ഇനങ്ങള്‍ അപ്ഡേറ്റായി വിപണയില്‍ അവതരിപ്പിക്കുന്നതിനാല്‍ കണ്ടൈനറില് ഇറക്കിയ സാധനങ്ങള്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് വിറ്റുപ്പോകുന്ന കാലമൊക്കെ ഉണ്ടായിരുന്നു. കച്ചവടത്തില്‍ സത്യസന്ധതയും ഗുണമേന്മയുള്ള ഉല്പന്നങ്ങളുടെ വിതരണവും ഒരു നിലപാടായി ഒപ്പം കൊണ്ടുനടന്നതിനാലാണ് ഇത്രയും കാലം സംതൃപ്തമായ രീതില്‍ പിടിച്ചുനില്‍ക്കാനായത്.
കോവിഡ് കാലം അഞ്ച് മാസം കച്ചവടമൊന്നും നടക്കാതെ അടച്ചിട്ടതോടെയാണ് ബസിനസ് തകര്‍ന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എത്തിച്ച കണ്ടൈനര്‍ സാധനങ്ങള്‍ ഒന്ന് തുറന്ന് നോക്കാന്‍ പോലും സാധിക്കാത്തവിധംനീണ്ട അഞ്ച് മാസക്കാലം ഗോഡൗണില്‍ പൊടിപിടിച്ച് കിടന്നത് വലിയ നഷ്ടമുണ്ടാക്കി.കോവിഡ് വരുത്തിവെച്ച ആഘാതങ്ങളില്‍നിന്നും പിന്നീട് കരകയറാനേ സാധിച്ചില്ല. കോവിഡും ഗോനു പ്രകൃതി ദുരന്തവും ഇവിടെ വെച്ച് അനുഭവിക്കേണ്ടി വന്നു എന്ന ഒരു പ്രയാസമൊഴിച്ച് മസ്കത്ത് വാസം സൗഭാഗ്യങ്ങളും മികച്ച ജീവിതനിലവാരവും സമ്മാനിച്ചു എന്നതിനാല്‍ ഈ നാടിനോടും നാട്ടുകാരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അഫീല്‍ പറയുന്നു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.