മസ്കത്ത്: ഒമാനി സ്വദേശികളിൽ ബഹുഭൂരിഭാഗവും തങ്ങളോട് സഹിഷ്ണുത കാണിക്കുന്നവരാണെന്ന് വിദേശികൾ. ദേശിയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പയുന്നത്. ഒമാനിൽ കഴിയുന്ന 90.9 ശതമാനം വിദേശികളും ഒമാനികൾ തങ്ങളോട് സഹിഷ്ണുതയോടെ വർത്തിക്കുന്നവരാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സർവേയേക്കാൾ കൂടുതലാണിത്.
കഴിഞ്ഞ വർഷം 90.7 ശതമനമായിരുന്നു സഹിഷ്ണുത നിരക്ക്. 95.6 ശതമാനം വിദേശികളും സ്വദേശികളിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനമോ അതിക്ഷേമമോ നേരിടേണ്ടി വന്നിട്ടില്ലാത്താവരാണ്. കഴിഞ്ഞ വർഷം 93.6 ശതമാനമായിരുന്നു ഈ നിരക്ക്. 90.4 ശതമാനം വിദേശികളും കരുതുന്നത് സ്വദേശികൾ അവരുടെ സാംസ്കാരിക വ്യത്യാസമുണ്ടെങ്കിൽ കൂടി തങ്ങളെ സ്വീകരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. കഴിഞ്ഞ വർഷം 92 ശതമാനമായിരുന്നു ഈ നിരക്ക്.
നിത്യജീവിതത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും വർധിച്ചതായി വിദേശികൾ പറയുന്നു. ഈ വർഷം 86.7 ശതമാനം പേരാണ് ഇതിന് അനുകൂലമായി പ്രതികരിച്ചത്. കഴിഞ്ഞ വർഷം 86.6 ശതമാനമായിരുന്നു അനുകൂലമായി പ്രതികരിച്ചിരുന്നത്.
നാട്ടിലെ സമൂഹവും വ്യക്തികളും തമ്മിലുള്ള സഹിഷ്ണുതയും പരസ്പരമുളള ബഹുമാനവും രാജ്യത്ത് സമാധാന അന്തരീക്ഷവും സൗഹൃദം ഉടലെടുക്കാൻ ഏറെ സഹായിക്കുമെന്ന് ദേശീയ സഥിതി വിവര കേന്ദ്രം ഉറപ്പിച്ച് പറയുന്നു. ഇത് വിഷൻ 2040ന്റെ പ്രധാന ലക്ഷ്യം കൂടിയാണ്.
സഹിഷ്ണുത എന്നാൽ ‘ബഹുമാനം, സ്വീകാര്യത, അഭിനന്ദനം, സമ്പന്നമായ സാസ്കാരിക വൈവിധ്യം, പ്രതികരിക്കാനുളള അവകാശം എന്നിവയാണ്. അറിവ്, ആർജവം, ചിന്ത, ആശയവിനിമയം നടത്തൽ എന്നിവ സഹിഷ്ണുത ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വൈവിധ്യങ്ങൾക്കിടയിലും സൗഹാർദം വെച്ച് പുലർത്തുകയെന്നത് ഇസ്ലാമിന്റെ പ്രധാന സ്തംഭമാണ്. വൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ സ്വീകരിക്കുന്നതാണ് സഹിഷ്ണുത. ധാർമികത, സംസ്കാാരം, മതം, ഭാഷ, ദേശം എന്നിവക്കപ്പുറം മറ്റുള്ളവരെ സ്നേഹിക്കുകയും സ്വീകരിക്കുയും ചെയ്യലാണിത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ എട്ട്, ഈ വർഷം ജനുവരി 13 മുതൽ 23 വരെ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് സർവേ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.