മസ്കത്ത്: കോവിഡ് തട്ടിയെടുത്ത ആഘോഷങ്ങളെ ഇരുന്നൂറോളം പൂക്കളങ്ങളിലൂടെ തിരിച്ചുപിടിച്ച് അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. പൂവുകൾക്ക് പുറമെ ബഹുവർണപ്പൊടികളും ഇലകളും കായ്കളുമെല്ലാം ഉപയോഗിച്ചാണ് പൂക്കളങ്ങളുണ്ടാക്കിയത്. മനുഷ്യരിലെ അകൽച്ചയും അതിർവരമ്പുകളും മായ്ച്ചുകളയുന്ന ഇത്തരം ആഘോഷങ്ങൾ കുട്ടികളിലെ ഐക്യത്തെ ഉണർത്തുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു.
കോവിഡ് ആലസ്യത്തിൽനിന്ന് സ്കൂൾ ഉണരാൻ പൂക്കള മത്സരം സഹായിച്ചെന്ന് വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ വ്യക്തമാക്കി. സ്കൂളിലെ മലയാള വിഭാഗം മേധാവി ഡോ. ജിതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. പൂക്കളങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്നവയായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു.
സബ് ജൂനിയർ വിഭാഗത്തിൽ ലിയോണ ആൻ സന്തോഷ്, സാൻവി കെ. അരുൺ എന്നിവരുടെ ടീമുകൾ ഒന്നാമതായി. നൈനിക നാരായണൻ, ആലിയ ഫാത്തിമ രണ്ടാം സ്ഥാനവും ഹൃദ്വിൻ, അരിഹന്ദ് മൂന്നാം സ്ഥാനവും പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ അനാമിക പ്രശാന്ത്, മുഹമ്മദ് ധനീഷ് (ഒന്നാം സ്ഥാനം), ശ്രേഷ്ഠ, ഫാത്തിമ (രണ്ടാം സ്ഥാനം), ഏഞ്ചൽ മരിയ, അലീന (മൂന്നാം സ്ഥാനം) എന്നിവർ സമ്മാനാർഹരായി. സീനിയർ വിഭാഗത്തിൽ സിറിൽ മാത്യു, അസ്ഹാൻ പാരി (ഒന്നാം സ്ഥാനം), അനന്യ പ്രദീപ്, ലക്ഷ്മി ശ്രീകാന്ത് (രണ്ടാം സ്ഥാനം), അലീന, അരുന്ധതി (മൂന്നാം സ്ഥാനം) തുടങ്ങിയവർക്കാണ് സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.