മസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിനായി ഒമാൻ ഇന്ന് ഇറങ്ങും. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഖത്തറാണ് എതിരാളികൾ. ഒമാൻ സമയം ഉച്ചക്ക് 1.30 നാണ് കളി.
ടൂർണമെന്റിൽ ദിവസങ്ങൾക്ക് മുമ്പെ ദുബൈയിലെത്തിയ ടീം കോച്ച് ദുലീപ് മെൻഡിസിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഒമാൻ മികച്ച കളി പുറത്തെടുത്ത് ടൂർണമെന്റിൽ വിജയത്തോടെ തുടക്കം കുറിക്കാനാകും ശ്രമിക്കുക.
സമീപകാല നേട്ടങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അടുത്തിടെ നെതർലൻഡ്സിനെതിരായ ട്വന്റി20യിലെ വിജയം ടീമിന്റെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ടെന്ന് കോച്ച് വ്യക്തമാക്കി. ടീമിന് കിരീടം നിലനിർത്താൻ സാധിക്കുമെന്നും ഏത് വെല്ലുവിളികളും നേരിടാൻ ടീ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ ആറ് ടീമുകളാ ണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങൾ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലാണ് നടക്കുക. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഖത്തർ (ഡിസംബർ 15), കുവൈത്ത്( 17), ബഹ്റൈൻ (ഡിസംബർ 18), സൗദി അറേബ്യ (ഡിസംബർ 19) എന്നിങ്ങനെയാണ് ഒമാന്റെ മറ്റു മത്സരങ്ങൾ. കഴിഞ്ഞ വർഷം നടന്ന പ്രഥമ ഗൾഫ് കപ്പിൽ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ഒമാൻ കിരീടത്തിൽ മുത്തമിട്ടത് പരിചയ സമ്പന്നനായ ക്യാപ്റ്റൻ ജതീന്ദർ സിങിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം വീണ്ടും കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒമാൻ ടീം: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ആമിർ കലീം, ആശിഷ് ഒഡെദേര, ഹമ്മദ് മിർസ, മുഹമ്മദ് നദീം, സുഫിയാൻ മെഹ്മൂദ്, മെഹ്റാൻ ഖാൻ, ഷക്കീൽ അഹമ്മദ്, ജയ് ഒഡെദേര, മുസാഹിർ റാസ, കരൺ സോനാവാലെ, സമയ് ശ്രീവാസ്തവ, വസീം അലി, വിനായക് ശുക്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.