മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തുന്ന ‘ഹീൽ മി കേരള’ക്ക് തിങ്കളാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ തുടക്കമാകും. ബുധനാഴ്ച വരെ നടക്കുന്ന മേളയിൽ കേരളത്തിൽനിന്നുള്ള 20ലധികം ആരോഗ്യസ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
ഒമാനിൽനിന്ന് ആയുർവദ, ട്രാവലർ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായെത്തും. കഴിഞ്ഞ വർഷത്തെ അനുഭവസമ്പത്തുമായി മേളയിലെ ഇന്ത്യൻ പവിലിയന് നേതൃത്വം നൽകുന്നത് ‘ഗൾഫ് മാധ്യമ’മാണ്. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ സേവനദാതാക്കൾക്ക് അവരുടെ സേവനങ്ങളും പദ്ധതികളും അന്താരാഷ്ട്ര തലത്തിൽതന്നെ അവതരിപ്പിക്കാനും ലോകത്തിനുമുന്നിൽ പരിചയപ്പെടുത്താനുമുള്ള അവസരംകൂടിയായി എക്സ്പോ മാറും.
കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ചികിത്സാരീതിയുൾപ്പെടെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കും. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രമേഹം, നടുവേദന, വന്ധ്യത, നേത്രരോഗം, ഇ.എൻ.ടി, ആയുർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാകും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ് പ്രവേശന സമയം. ഒമാനിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. ഇന്ത്യ, ഇറാൻ, മലേഷ്യ, തായ്ലൻഡ്, പോളണ്ട്, പാകിസ്താൻ, യു.കെ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 150ലധികം പ്രാദേശിക-അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.