മസ്കത്ത്: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുകീഴിൽ നാട്ടിൽ നിന്നും ഹജ്ജിനു പോകുന്നവർ ഏപ്രിൽ 24ന് മുമ്പ് പാസ്പോർട്ടുകൾ സമർപ്പിക്കണമെന്ന വ്യവസ്ഥ ഒമാനടക്കമുള്ള രാജ്യങ്ങളിലെ പ്രവസികൾക്ക് തിരിച്ചടിയാവുന്നു. ഇതോടെ നാട്ടിൽ നിന്ന് ഹജ്ജിന് പോകുന്നവർ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ജോലി സ്ഥലങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവധിയെടുക്കണ്ടി വരും. ജൂൺ 15 മുതൽ 20 വരെയായിക്കും ഈ വർഷം ഹജ്ജ് കർമങ്ങൾ നടക്കുക. ചടങ്ങുകൾ കഴിഞ്ഞ് ജുലൈ പകുതിയോടെയാണ് പലർക്കും നാട്ടിൽ തിരിച്ചെത്താൻ കഴിയുക. സ്വന്തമായി സ്ഥാപനം നടത്തുന്നവർക്കും മറ്റും ഇത്രയും കാലം ഒമാനുപുറത്ത് തങ്ങുന്നത് വലിയ പ്രശ്നമല്ല. എന്നാൽസാധാരണ ഗതിയിൽ ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് ഇത്രയും അവധി ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. അതിനാൽ ഇത്തരക്കാർക്ക് ഹജ്ജ് ഒരു സ്വപ്നമായി മാത്രം മാറ്റുകയോ അല്ലെങ്കിൽ ഹജ്ജിനുവേണ്ടി ജോലി ഉപേക്ഷിക്കുകയോ മാത്രമാണ് പരിഹാരം. ഒമാനിൽനിന്ന് ഹജ്ജിനു പോവുകയെന്നതും ഇപ്പോൾ വലിയ കടമ്പയാണ്. ഒരു കാലത്ത് ഒമാനിൽനിന്ന് ഹജ്ജിനുപോവുന്നത് എളുപ്പവും ചെലവ് കുറഞ്ഞതുമായിരുന്നു. എന്നാൽ, ഇപ്പോൾ ഒമാനിൽനിന്ന് ഹജ്ജിനുപോവുന്നത് പ്രവാസികൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. വിദേശികളുടെ എണ്ണം വെട്ടി കുറച്ചതോടെ ഹജ്ജിനുപോവുന്ന കമ്പനികൾ ഈടാക്കുന്ന നിരക്കുകളും കുത്തനെ വർധിച്ചിരിക്കുന്നു. ഒരു സാധാരണ പ്രവാസിക്ക് നൽകാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പോൾ ഒമാനിലെ ഹജ്ജ് കോൺട്രാക്ടർ ഈടാക്കുന്ന നിരക്ക്. കഴിഞ്ഞവർഷം രണ്ടായിരം റിയാലിനടുത്താണ് പ്രവാസികളിൽ നിന്നു ഈടാക്കിയിരുന്നത്. ഇങ്ങനെ വലിയ സംഖ്യ നൽകി ഹജ്ജിന് സീറ്റ് കിട്ടിയാൽപോലും ഭാഷയിലും പെരുമാറ്റത്തിലും യാതൊരു പൊരുത്തവുമില്ലാത്തവർക്കൊപ്പം ഹജ്ജ് യാത്ര നടത്തേണ്ടി വരും. ഒമാനിൽനിന്ന് ഈ വർഷം 13586 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
ഇതിൽ 500 വിദേശികൾക്ക് മാത്രമാണ് അവസരം ലഭിക്കുക. അതിൽ 250 സീറ്റുകൾ അറബ് വംശജരായ പ്രവാസികൾക്കായിരിക്കും. ബാക്കി 250 സീറ്റ് മാത്രമാണ് ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കുക. ഇതുകാരണമാണ് ഒമാനിൽ നിന്നുള്ള നിരക്കുകൾ ഇത്രയേറെ വർധിച്ചത്.ഒരുകാലത്ത് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് യാത്ര ഏറെ എളുപ്പവും ചെലവ് കുറഞ്ഞതുമായിരുന്നു. അപേക്ഷിക്കുന്ന എല്ലാവർക്കും ഹജ്ജിന് പോവാനും കഴിഞ്ഞിരുന്നു. ഹജ്ജിന് പ്രവാസികളെ കൊണ്ട് പോവാൻ നിരവധി സാമൂഹിക സംഘടനകളും രംഗത്തുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ 400 റിയാലിൽ താഴെ മാത്രമായിരുന്നു ചെലവ്. അതിനാൽ നിരവധി പേർ നാട്ടിൽനിന്ന് കുടുംബങ്ങളെ ഒമാനിലെത്തിച്ച് ഹജ്ജിനുകൊണ്ട്പോയിരുന്നു. അങ്ങനെ നിരവധി കുടുംബങ്ങളാണ് ഒമാനിൽ നിന്ന് ഹജ്ജിന് പോയിരുന്നത്.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിൽനിന്ന് ഹജ്ജിന് പോവാൻ പ്രയാസം നേരിട്ടപ്പോൾ പലരും നാട്ടിൽ നിന്നാണ് ഹജ്ജിന് പോവുന്നത്. എന്നാൽ, നാട്ടിൽനിന്ന് ഹജ്ജിന് നറുക്ക് ലഭിച്ചാലും നേരത്തെ പാസ്പോർട്ടുകൾ നൽകണമെന്ന വ്യവസ്ഥ വന്നത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. അതിനാൽ പ്രശ്നത്തിന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രവാസികൾ രംഗത്ത് വരുന്നുണ്ട്. ഒന്നുകിൽ പാസ്പോർക്കുകൾ വെരിഫിക്കേഷൻ നടത്തി പ്രവാസികൾക്കുതന്നെ തിരിച്ചുനൽകി ഹജ്ജിന് ഏതാനും ആഴ്ചമുമ്പ് പാസ്പോർട്ടുകൾ വീണ്ടും സ്വീകരിക്കാൻ സൗകര്യമൊരുക്കണം. അല്ലെങ്കിൽ പ്രവാസികളിൽ പാസ്പോർട്ട് സ്വീകരിക്കാനുള്ള കല പരിധി നീട്ടണം എന്നീ ആവശ്യങ്ങളാണ് പ്രവാസികൾ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.