മസ്കത്ത്: മസ്കത്ത്: മാനവികതയുടെയും ഐക്യബോധത്തിന്റെയും ആരവമുയർത്തുന്ന 'ഹാർമോണിയസ് കേരള'യുടെ മൂന്നാം എഡിഷന്റെ വിളംബരത്തിനൊരുങ്ങി ലുലു ഹൈപർ മാർക്കറ്റുകൾ. പ്രമുഖ അവതാരകൻ രാജ് കലേഷാണ് ഒത്തൊരുമയുടെ ഉത്സവത്തിന്റെ വരവറിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് ലുലുവിൽ തുടക്കംകുറിക്കുന്നത്. ഈ മാസം 16, 17 തീയതികളിൽ ചിരിയും ചിന്തയുമുണർത്തുന്ന കളികളും കാര്യങ്ങളുമായി രാജ് കലേഷ് കലാപൂരത്തിന്റെ കൊടിയേറ്റം നിർവഹിക്കും.
16ന് വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ ബൗഷർ ലുലുവിലാണ് 'ഹാർമോണിയസ് കേരള'യുടെ റോഡ് ഷോകളുടെ തുടക്കം. 17ന് രാവിലെ 9.30 മുതൽ 11.30 വരെ ദാർസൈത് ലുലുവിലും വൈകീട്ട് ആറുമുതൽ രാത്രി ഒമ്പത് വരെ റൂവി ലുലുവിലും രാജ് കലേഷ് അരങ്ങുതകർക്കും. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.ഡിസംബർ 30ന് മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലാണ് മലയാളികളുടെ ഉദാത്തമായ കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിന്റെ നിറംപകരുന്ന 'ഹാർമോണിയസ് കേരള' നടക്കുന്നത്. നൂർ ഗസൽ, ലുലു ഹൈപർ മാർക്കറ്റ്, സീ പേൾസ് ജ്വല്ലറി, ബദർ അൽസമ ഹോസ്പിറ്റൽ എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
വിശ്വമാനവികതയുടെ ഉത്സവവുമായി പ്രവാസി മലയാളികളുടെ കണ്ണാടിയായ 'ഗൾഫ് മാധ്യമം' വീണ്ടും ഒമാനിന്റെ മണ്ണിലെത്തുന്നത് കൂടുതൽ പുതുമകളോടെയാണ്. കോവിഡ് മഹാമാരിക്കുശേഷം മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന ഈ സംഗീത-കലാവിരുന്നിന് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുക. അടുത്തകാലത്തിറങ്ങിയ 'ന്നാ താൻ കേസ് കൊട്' അടക്കം ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളികളുടെ മനംകവർന്ന് കരിയറിന്റെ മറ്റൊരുതലത്തിലേക്ക് കടന്ന നടൻ കുഞ്ചാക്കോ ബോബൻ, നാലുപതിറ്റാണ്ടോളം മലയാള സിനിമയുടെ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ കമൽ എന്നിവർ ചടങ്ങിനെ വർണാഭമാക്കും.
അനുകരണകലയിലെ പുത്തൻ പരീക്ഷണങ്ങളുമായി മഹേഷ് കുഞ്ഞുമോൻ, ചടുല നൃത്തച്ചുവടുകളുമായി റംസാൻ, സംഗീതത്തിന്റെ പാലാഴി ഒരുക്കാൻ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, വയലിനിൽ മാന്ത്രികത വിരിയിക്കാൻ ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ് എന്നിവരുടെ മാസ്മരിക പ്രകടനങ്ങൾ ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും. കൗമാര പ്രണയത്തിന്റെ കാൽപനിക ഭാവങ്ങളിൽനിന്ന് കാമ്പുള്ള കഥാപാത്രങ്ങളുടെ കരുത്തിലേക്ക് പകർന്നാട്ടം നടത്തി വെള്ളിത്തിരയിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബനുള്ള ആദരവ് കൂടിയായി 'ഹാർമോണിയസ് കേരള'യുടെ വേദി മാറും. സിനിമ നടൻ മിഥുൻ രമേശാണ് പരിപാടിയുടെ അവതാരകൻ. 'ഹാർമോണിയസ് കേരള'ക്ക് മുന്നോടിയായുള്ള വിവിധ സാമൂഹിക, സംസ്കാരിക പരിപാടികൾക്കാണ് ഈ മാസം 16ന് തുടക്കമാകുക.
10 റിയാൽ (ഡയ്മണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾക്ക് ബന്ധപ്പെടുക: +968 92369485, +968 95629600.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.