മസ്കത്ത്: കേരളത്തിന്റെ ആതുരസേവന രംഗത്തെ കൈയൊപ്പുകൾ പല വട്ടം അവർ തൊട്ടറിഞ്ഞതാണ്. രോഗപീഠകളിൽ മുഴുകി മലയാള മണ്ണിലെത്തിയ അവർ രോഗം ഭേദമാകുന്നതോടൊപ്പം മനസ്സും നിറഞ്ഞായിരുന്നു മടങ്ങിയത്. ആതുരാലയങ്ങളിലെ സേവനവും മാലാഖമാരുടെ ചേർത്തുവെപ്പുമായിരുന്നു കേരളമണ്ണിലേക്ക് പിന്നെയും പിന്നെയും എത്തിച്ചത്. കഴിഞ്ഞ ദിവസം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ തുടങ്ങിയ ഹെൽത്ത് എക്സിബിഷനിലെ കേരളത്തിന്റെ ‘ഹീൽമി കേരള’ പവലിയനിലേക്ക് ഒമാനികളെ കൂട്ടത്തോടെ ആകർഷിച്ചതും ഇതുതന്നെയായിരുന്നു. ലോകനിലവാരത്തോട് കിടപിടിക്കുന്ന കേരളത്തിന്റെ ആരോഗ്യരംഗത്തെ നേരിട്ടറിയാനും ഒപ്പം മറ്റു സേവനങ്ങളെ കുറിച്ച് മനസ്സിലാക്കാനും വേണ്ടിയായിരുന്നു സ്വദേശി പൗരന്മാർ പവലിയനിലെത്തിയിരുന്നത്.
സ്വദേശികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രദർശനത്തിൽ പങ്കെടുക്കുന്ന ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാർ പറഞ്ഞു. രാവിലെ മുതൽക്കുതന്നെ നല്ലതിരക്കായിരുന്നു മിക്ക സ്റ്റാളുകളിലും അനുഭവപ്പെട്ടത്. ഉച്ചയോടെ കുറവ് വന്നെങ്കിലും വൈകീട്ടോടെ തിരക്ക് വർധിക്കുകയും ചെയ്തു. മേള ഉദ്ഘാടനം ചെയ്ത ഒമാനിലെ ഇന്ത്യൻ അംബാസഡർ സ്റ്റാളുകൾ സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ആരോഗ്യ രംഗത്ത് ലോകമാതൃക രചിച്ച സംസ്ഥാനമാണ് കേരളം. ദന്ത രോഗങ്ങൾക്ക്പോലും മികച്ച ചികിത്സതേടി ഒമാൻ പൗരൻമാർ കേരള മണ്ണിൽ എത്താറുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് ചികിത്സക്കായെത്തുന്നവരിൽ കൂടുതൽ ഒമാനിൽനിന്നാണെന്ന് കണക്കുകകൾ സൂചിപ്പിക്കുന്നു. ലോക നിലവാരമുള്ള ചികിത്സയും മികച്ച പരിചരണവും ചെലവ് കുറവുമൊക്കെയാണ് കേരളത്തിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ. വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുക്കുന്നത്.
മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ട്. ഇന്ത്യ, ഒമാൻ, തായ്ലൻഡ്, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള 160 ലധികം പ്രാദേശിക അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.