ഒമാൻ: ആരോഗ്യരംഗത്ത് മികച്ച നേട്ടത്തിനായുള്ള പദ്ധതിയുമായി സുൽത്താനേറ്റ്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇനി പ്രാദേശികമായി നടത്താനാവുമെന്ന് ആരോഗ്യമന്ത്രാലയം. 2023-25 കാലയളവിലെ നാഷനൽ ഓർഗൻ ട്രാൻസ് പ്ലാന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പ്രാദേശികമായി നടത്താൻ മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്ത് വർധിച്ചുവരുന്ന അവയവമാറ്റിവെക്കൽ കേസുകളുടെ ഭാഗമായും പൗരന്മാർക്ക് ഒമാനിൽതന്നെ മികച്ച ലോകോത്തര നിലവാരത്തിലുള്ള വൈദ്യസഹായം സാധ്യമാക്കാനുള്ള മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായുമാണ് ഹൃദയം മാറ്റിവെക്കലടക്കമുള്ള ശസ്ത്രക്രികയകൾ പ്രാദേശികമായി നടത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നത്.
ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന നാഷനൽ ഓർഗൻ ട്രാൻസ് പ്ലാന്റ് പ്രോഗ്രാം സമിതിയുടെ ആദ്യയോഗത്തിലാണ് ആരോഗ്യരംഗം മെച്ചപ്പെടുത്താനാവശ്യമായ തീരുമാനമെടുത്തത്.
ആവശ്യമായ മെഡിക്കൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ, മികച്ച ഡോക്ടർമാരുടെ സേവനം എന്നിവ പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. 2025 ഓടെ ആഭ്യന്തരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് ഒമാൻ ലക്ഷ്യമിടുന്നത്. അവയവദാനത്തിനും മാറ്റിവെക്കൽ നടപടികൾക്കും രാജ്യം നൽകുന്ന പരിഗണനയുടെ വിപുലമായ പദ്ധതികളുടെ ഭാഗവുമായാണ് ഈ സംരഭം.
അതിനിടെ ഒമാനിൽ അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ട്. രാജ്യത്ത് മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇതുവരെ 12,000 പേരാണ് ഇതിനായി രജിസ്റ്റർ ചെയ്തതെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ മേധാവി ഡോ. ഖാസിം ബിൻ മുഹമ്മദ് അൽ ജഹ്ദാമി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശീർവാദത്തോടെയും അനുഗ്രഹത്തോടെയും രാജ്യത്ത് വിപുലമായ രീതിയിൽ അവയവദാന കാമ്പയിൻ നടക്കുന്നുണ്ട്.
അതിനായി നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡിപ്പാർട്മെന്റാണ് മേൽനോട്ടം വഹിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ചാൽ ബന്ധുക്കളുടെ സമ്മതപ്രകാരമാണ് അവയവദാനം നടത്തുന്നത്. അവയവങ്ങൾ ദാനംചെയ്യാൻ 'ഷിഫ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
അവയവദാനത്തെ മാനുഷിക പ്രവർത്തനമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമദ് ബിൻ ഹമദ് അൽ ഖലീലി വിശേഷിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികളുടെ പുതിയ പ്രതീക്ഷയാണ് അവയവം മാറ്റിവെക്കൽ. 18 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാണെങ്കിൽ ദാതാക്കളാകാൻ കഴിയും. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ വൃക്ക, കരൾ തകരാറുകൾ കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്നുണ്ട്.
ഇവരിൽ പലർക്കും അവയവം മാറ്റിവെക്കലിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്യൂനിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാമ്പയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.