മസ്കത്ത്: ഇൗന്തപ്പനയിലെ കീടങ്ങളെ തുരത്താൻ ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളിലെ വിവിധയിടങ്ങളിൽ ഹെലികോപ്ടറിൽ മരുന്നടിക്കാൻ ആരംഭിച്ചതായി കാർഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കൃഷിക്കാരും ഇൗ മേഖലകളിലെ താമസക്കാരായ സ്വദേശികളും വിദേശികളും മരുന്നടിക്കൽ മുൻനിർത്തി അണുബാധ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ നടപടികളെടുക്കണം. കുടിവെള്ള സ്രോതസ്സുകളിൽ കീടനാശിനി കലരാതിരിക്കാൻ ശ്രദ്ധിക്കണം. തേനീച്ച വളർത്തുന്നവരും വേണ്ട സംരക്ഷണ സംവിധാനമൊരുക്കണം.
കാറുകൾ മൂടിയിടുകയോ മരുന്നടിക്കുന്നതിെൻറ പരിധിയിൽനിന്ന് മാറ്റിയിടുകയോ വേണം. മരുന്നടിക്കുന്ന സമയത്ത് കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കാർഷിക മന്ത്രാലയം ആവശ്യപ്പെട്ടു. ഇബ്ര, അൽ ഖബൽ വിലായത്തുകളിൽ ഇന്നലെ മരുന്നടി പൂർത്തിയായി. ബിദിയ, വാദി ബനീ ഖാലിദ്, അൽ ഖാമിൽ, അൽ വാഫി എന്നിവിടങ്ങളിൽ ശനിയാഴ്ചയും ജഅലാൻ ബനീ ബുഹസനിൽ ഞായറാഴ്ചയും സൂർ വിലായത്തിൽ ഞായറാഴ്ചയുമാണ് മരുന്നടിക്കൽ. ഇൗന്തപ്പന മരങ്ങൾ ധാരാളമായി വളരുന്ന വടക്കൻ മേഖലയിലാണ് മരുന്നടിക്കൽ നടക്കുക. മൊത്തം ഇരുപതിനായിരം ഏക്കർ സ്ഥലത്താണ് മരുന്നടിക്കുക. ദ്യൂബാസ് കീടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനാണ് മരുന്നടി.
മാർച്ച്, ഏപ്രിൽ മാസങ്ങളിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലുമാണ് ഇൗ കീടങ്ങളിൽനിന്നുള്ള സംരക്ഷണം ലക്ഷ്യമിട്ടുള്ള മരുന്നടിക്കൽ. രോഗാണുബാധയുടെ തീവ്രത കണക്കിലെടുത്താണ് മരുന്നടിക്കുന്ന മേഖല തീരുമാനിക്കുകയെന്ന് മന്ത്രാലയത്തിലെ ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ മഹ്മൂദ് അൽ നബ്ഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.