മസ്കത്ത്: ഒമാനിൽ സ്വകാര്യ ഫാർമസികൾ മരുന്നുകൾക്ക് ഉയർന്ന വില ഈടാക്കുന്നതിനെതിരെ നടപടിയുമായി ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ മരുന്നുകൾക്ക് ഉയർന്ന വില ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. സ്വകാര്യ ഫാർമസികൾ സർക്കാർ അനുവാദം നൽകിയതിൽ കൂടുതൽ വില ഈടാക്കുന്നില്ലെന്ന ഉറപ്പു വരുത്താൻ നിരീക്ഷണം നടത്തുമെന്നും തുടർച്ചയായി വിലകൾ പുനഃപരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ഗൾഫ് കോർപറേഷൻ കൗൺസിൽ സുപ്രീംകമ്മിറ്റിയുടെ തീരുമാന പ്രകാരം രൂപവത്കരിച്ച ഗൾഫ് വില നിർണയ കമ്മിറ്റി അംഗീകരിച്ച വിലയാണോ ഒമാനിലെ ഫാർമസികളും ഈടാക്കുന്നതെന്ന് മന്ത്രാലയം അധികൃതർ വിലയിരുത്തും. 2006ൽ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഏകീകൃത മരുന്നു വില സംബന്ധമായ തീരുമാനം അംഗരാജ്യങ്ങൾ എടുത്തത്.
ഇതനുസരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് ഏകീകൃത ഇറക്കുമതി ചുങ്കം ഒറ്റ കറൻസിയിലാക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. അമേരിക്കൻ ഡോളറിലാണ് ഇറക്കുമതി ചുങ്കം ഈടാക്കാൻ തീരുമാനിച്ചത്. വില, ഇൻഷുറൻസ്, വിമാന നിരക്ക് എന്നിവയും അമേരിക്കൻ ഡോളറിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് സമാനതയുള്ള 30 ലോക രാജ്യങ്ങളിലെ മരുന്നു വില കൂടി താരതമ്യം ചെയ്താണ് ജി.സി.സി കമ്മിറ്റി മരുന്നു വിലകൾ നിശ്ചയിക്കുന്നത്.
ഒമാനിലേക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരക്കുകളും സ്വകാര്യ കമ്പനികൾക്കും പൊതുമേഖല കമ്പനികൾക്കും മരുന്നു വിൽക്കുന്നതിനുള്ള നിരക്കുകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
വില സംബന്ധമായ ചർച്ചകളും വില നിശ്ചയിക്കലുമൊക്കെ മരുന്ന് ഉൽപാദന കമ്പനികളുമായാണ് നടത്തേണ്ടത്. ഒമാനിലെ പ്രദേശിക ഇറക്കുമതി കമ്പനികൾക്ക് ഇതിന് അധികാരമുണ്ടാകില്ല. ഗുണനിലവാരം ഉയർന്നതും സുരക്ഷിതമായതുമായ മരുന്നുകൾ യഥാർഥ വിലയിൽ ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ എല്ലാ ശ്രമങ്ങളും മന്ത്രാലയം നടത്തും. അന്താരാഷ്ട്ര മരുന്നു നിർമാണ മാനദന്ധങ്ങൾ പാലിക്കുെന്നന്ന് ഉറപ്പു വരുത്തുന്ന നിർമാണ കമ്പനികളിൽനിന്ന് മാത്രമാണ് ഒമാനിൽ മരുന്നുകൾ വാങ്ങാൻ അനുവദം നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.