മസ്കത്ത്: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില കുതിച്ചുയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ബുധനാഴ്ചവരെ താപനില 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മരുഭൂമി പ്രദേശങ്ങളെയും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലുമായിരിക്കും ചൂട് കൂടുതൽ ബാധിക്കുക.
ചൂട് ഉയരുന്ന പശ്ചാതലത്തിൽ പുറത്ത് ജോലിയെടുക്കുന്നവർ ജാഗ്രത പാലിക്കണം. ഇതനുസരിച്ച് തൊഴിലാളികൾക്ക് ജോലി ക്രമീകരണങ്ങൾ തൊഴിലുടമകൾ നടത്തികൊടുക്കേണ്ടതാണെന്ന് അധികൃതർ ആവശ്യപ്പെട്ടു. താപശോഷണം, സൂര്യാഘാതം തുടങ്ങിയ ചൂടുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനുമുള്ള പരിശീലനം ജീവനക്കാർക്ക് നൽകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അധികൃതർ ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൗരന്മാരും താമസക്കാരും തയാറാകണം.
അതേസമയം, ഉച്ചവിശ്രമ നിയമം കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി തൊഴിൽ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്. കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യഹാന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. 500 റിയാലിൽ കുറയാത്തതും1000റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോയെന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. നിലവിൽ രാജ്യത്ത് പലയിടത്തും 50ന് അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്, മക്ഷിൻ, ഹൈമ എന്നിവിടങ്ങളിലാണ്. 47.247 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ ഹംറ അദ്ദുറുഇ ആണ്- 47 ഡിഗ്രി സെൽഷ്യസ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഹൈഡ്രേഷൻ: നിർജലീകരണം തടയാനായി ദിവസവും ധാരാളം വെള്ളം കുടിക്കുക
പുറം ജോലികൾ പരിമിതപ്പെടുത്തുക: ദിവസത്തിലെ ചൂടൂകൂടുന്ന സമയങ്ങളിൽ പുറത്തുള്ള കഠിനമായ ജോലിയിൽനിന്ന് വിട്ടുനിൽക്കുക
തണലും തണുപ്പുള്ള സ്ഥലങ്ങളിൽ തുടരുക: സാധ്യമാകുമ്പോഴെല്ലാം, തണലുള്ളതൊ എയർകണ്ടീഷൻ ചെയ്തതോ ആയ പരിസ്ഥിതികളിൽ തുടരുക.
അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക: ഭാരം കുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക.
സൺസ്ക്രീൻ ഉപയോഗിക്കുക: ഉയർന്ന എസ്.പി.എഫ് (സംരക്ഷണ ഘടകങ്ങൾ) ഉള്ള സൺസ്ക്രീൻ പ്രയോഗിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.