മസ്കത്ത്: മനുഷ്യത്വത്തിന്റെയും ചേർത്തുവെക്കലിന്റെയും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് ഒരുകൂട്ടം മനുഷ്യർ. റമദാൻ മാസം തുടങ്ങിയതുമുതൽ സജീവമായ ഒന്നാണ് റൂവിയിലും നിർമാണ സൈറ്റുകളിലും വ്യാപകമായി വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകൾ. ഇത്തവണ മസ്ജിദുകൾ പലതും സമൂഹ ഇഫ്താറുകളിൽ നിന്നും വിട്ടുനിന്നത് പ്രവാസികളായ ബാച്ചിലർമാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനെ മറികടക്കാൻ, ഇഫ്താർ മുടങ്ങാതെ നൽകുന്ന പള്ളികൾ, ഇടങ്ങൾ എന്നിവ കണ്ടെത്തുന്നതിനും അവ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി സുഹൃത്തുക്കളെ അറിയിക്കുന്നതിനും മലയാളി സുഹൃത്തുക്കൾ ഏറെ മുൻപന്തിയിലാണെന്ന് ‘ബിരിയാണി ചെമ്പ്’ഗ്രൂപ്പിന്റെ അഡ്മിൻ നൗഷാദ് തലശ്ശേരി പറഞ്ഞു. ഇത്തരം ഇഫ്താറുകളിൽ ഭക്ഷണം സുഭിക്ഷമാണെന്നും അനുഭവസ്ഥർ പറയുന്നു.
ചെറിയ ഹാർഡ്ബോർഡ് ബോക്സിൽ കാരക്ക അല്ലെങ്കിൽ ഈത്തപ്പഴം, വെള്ളം, ലബാൻ, പഴം അങ്ങനെ നാലഞ്ചു തരം വിഭവങ്ങളുമായി വിവിധ കമ്പനികളും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. മിക്കവാറും നോമ്പനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് കെട്ടിട നിർമാണ സൈറ്റുകളിൽ ഇഫ്താർ എത്തുന്നത് അവരുടെ മെസ്സുകളിൽ നന്നായിരിക്കും. പലപ്പോഴും വൈകിയാണ് ഇവ എത്തുക. ഇത്തരം ഘട്ടങ്ങളിലാണ് വിവിധ കമ്പനികൾ ലാഭേച്ഛയില്ലാതെ നടത്തുന്ന ഇഫ്താർ കിറ്റുകളുടെ വിതരണം ആശ്വാസമാണെന്ന് തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി തങ്ങൾ ദിവസവും 50 തൊഴിലാളികൾക്ക് ഇഫ്താർ വിതരണം ചെയ്യുന്നുണ്ടെന്നും നല്ല പ്രതികരണമാണ് നിർമാണ മേഖലയിലെയും അതുപോലെ, വഴിയാത്രക്കാരിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്നതെന്നും ഒരു കമ്പനിയുടെ പ്രതിനിധിയും മലയാളിയുമായ പ്രഭു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.