മസ്കത്ത്: വഴിയാത്രക്കാർക്കും നിർമാണ തൊഴിലാളികൾക്കും ബാചിലർമാർക്കും ആശ്വാസമാവുകയാണ് വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന ഇഫ്താർ കിറ്റുകൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികളിൽ സമൂഹ നോമ്പുതുറ ഇല്ലാത്തതും മറ്റു സംഘടനകളുടെ ബൃഹത് നോമ്പുതുറകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും ഏറ്റവും അധികം ബാധിച്ചത് യാത്രികരെയും ബാചിലർമാരെയുമാണ്. ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത് ഇത്തരക്കാർക്ക് തെല്ലൊന്നുമല്ല അനുഗ്രഹമാകുന്നത്.
ഓരോ ദിവസവും നൂറുകണക്കിന് നോമ്പുതുറ വിഭവങ്ങളാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിതരണം ചെയ്യുന്നത്.
ആവശ്യക്കാർ ഒരുപാടുണ്ടെങ്കിലും ചില തടസ്സങ്ങൾ കാരണം എല്ലാ ബ്രാഞ്ചുകളിലും എല്ലാ ദിവസങ്ങളിലും ഇഫ്താർ കിറ്റുകൾ എത്തിക്കാൻ സാധിക്കാത്ത വിഷമത്തിലാണ് തങ്ങളെന്ന് ഒരു കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്‍റ് മാനേജറായ അനീഷ് പറഞ്ഞു.
ഇത്തരം ഇഫ്താർ വിതരണത്തിന് പൊതുജനങ്ങളിൽനിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയകുമാർ വള്ളികാവ് അഭിപ്രായപ്പെട്ടു. ഉച്ചയോടെ ആരംഭിക്കുന്നതാണ് ഇഫ്താർ കിറ്റുകൾ തയാറാക്കൽ. വീട്ടമ്മമാരാണ് വളന്റിയർമാരിൽ അധികവും. ഉച്ചയോടെ വീട്ടുജോലികളെല്ലാം തീർത്ത് സന്നദ്ധ സംഘടനകൾക്കായി അമ്പതോളം പേർക്കുള്ള വിഭവങ്ങൾ ഒരുക്കുന്നതായി മസ്കത്തിലെ വീട്ടമ്മമാരായ ഇന്ദു ബാബുരാജ്, അനിത രാജൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.