മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞവർഷം വിപുലമായ രീതിയിൽ ഈദ്ഗാഹുകളുണ്ടായിരുന്നില്ല.
എന്നാൽ, ഈ വർഷം വിശാലമായ സൗകര്യമായിരുന്നു മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്.
പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയവര് നമസ്കാരത്തിനായി അണിനിരന്നു. പ്രസന്നമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷം സാഹോദര്യവും സ്നേഹവും കൈമാറി. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകിയത്.
അസൈബ സഹ്വ ടവറിന് സമീപത്തായി നടന്ന ഈദ്ഗാഹിന് ടി. മുഹമ്മദ് വേളം നേതൃത്വം നൽകി. സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് മനുഷ്യർ. അത് തിരിച്ചുപിടിക്കുകയാണ് നമ്മുടെ യഥാർഥ ലക്ഷ്യം. ആ സ്വർഗത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് പെരുന്നാളിലൂടെ നാം ഓരോരുത്തരും നിർവഹിക്കുന്നതെന്നും ടി. മുഹമ്മദ് വേളം പറഞ്ഞു. വിശ്വാസികൾ ഒരുമാസത്തെ വ്രതത്തിലൂടെ ശീലിക്കുന്നത് ഏതൊരു പ്രതിസന്ധിയിലും സഹനത്തോടെ വിശ്വാസമാർഗത്തിൽ ഉറച്ചുനിൽക്കുവാനുള്ള കരുത്താണെന്നും വിശ്വാസി നേടിയ ആത്മീയ മൂലധനം ഏതു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലും ആർജവത്തോടെയുള്ള നിലനിൽപ്പും പ്രതിനിധാനവുമായി മാറ്റുവാൻ സാധിക്കേണ്ടതുണ്ടെന്നും ഡോ. നഹാസ് മാള പറഞ്ഞു.
മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടന്ന ഈദ് ഗാഹിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
സീബ്, മബേല, അൽകൂദ്, ഹൈൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്ന് ആയിരത്തോളം മലയാളികളാണ് ഈദ്ഗാഹിൽ സംബന്ധിച്ചത്.
ബർക സൂഖ് മറീനയിൽ റഹ്മത്തുല്ല മഗ്രിബി, മുസന്ന തരീഫ് ഷൂ പാര്ക്കിന് പിന്‍വശത്ത് അബ്ദുല്‍ അസീസ് വയനാട്, സുവൈഖ് ഖദറ റൗണ്ട് എബൗട്ട് അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഹാഫിസ് ജുനൈസ്, സൂർ ബിലാദ് ആൽ ഹരീബ് ഗാര്‍ഡനിൽ മുസ്തഫ മങ്കട, ബൂ അലി അൽ വഹ്ദ സ്റ്റേഡിയത്തിൽ താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ, നിസ്വ അൽ നസ്ർ ഗ്രൗണ്ടിൽ നൗഷാദ് അബ്ദുല്ലാഹ്, സുഹാർ ഫലജ് ഓർക്കിഡ് പ്രൈവറ്റ് സ്കൂളിൽ അഫ്സൽ ഖാൻ, ഇബ്രി സൂക്കിന് സമീപത്ത് ജമാൽ പാലേരി, റൂവി അൽകരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ സഫർ മാഹി, വാദി കബീർ ഇബ്ൻ ഖൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ ഹാഷിം അംഗടിമുകർ, സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപത്ത് ഷെമീർ ചെന്ത്രാപിന്നി, സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ ഗഫൂർ പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സലാല ഇത്തിഹാദ് ക്ലബ് മൈതാനിയിൽ ഒരുക്കിയ ഈദ്ഗാഹിന് മുജീബ് ഒട്ടുമ്മൽ നേതൃത്വം നൽകി. പൊതുകാര്യങ്ങളിൽ ഐക്യപ്പെടുകയെന്നത് വിശ്വാസിയുടെ സവിശേഷതയായിരിക്കണം, സഹജീവികളോടുള്ള കരുണയും കരുതലും ആഘോഷങ്ങളിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഏകദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. പ്രവാചകചര്യയാണ് നാം ജീവിതമാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാൽ ഇസ്ലാമിക സമൂഹത്തിൽ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്ന് റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ സന്ദേശത്തിൽ അബ്ദുറഹിമാൻ അൻസാരി പറഞ്ഞു.
അൽ ഹെയ്ൽ ഈഗ്ൾസ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ്ഗാഹിന് ഹംസ അഫ്ഹം അൽ ഹികമി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.