മസ്കത്ത്: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി കപ്പലിലെത്തിയതോ ക്ലിയറൻസ് കഴിഞ്ഞതോ ആയ സവാളക്ക് നിയന്ത്രണം ബാധകമല്ല.
ഇന്ത്യയിൽനിന്ന് സവാള കയറ്റുമതിക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് വീണ്ടും ബുക്കിങ്ങ് ആരംഭിച്ചത്. ഈ ബുക്കിങ് പ്രകാരമുള്ള ഇന്ത്യൻ സവാള കഴിഞ്ഞ ദിവസം ഒമാൻ തുറമുഖത്ത് എത്തിയിട്ടുണ്ട്. അതിനിടക്കാണ് വീണ്ടും കയറ്റുമതി നിയന്ത്രണം വരുന്നത്. രണ്ട് മാസം മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും 40 ശതമാനം കയറ്റുമതി നികുതി അടക്കുന്നവർക്ക് കയറ്റി അയക്കാമായിരുന്നു. എന്നാൽ അടുത്ത നാല് മാസത്തേക്ക് പൂർണമായ കയറ്റുമതി നിയന്ത്രണമാണ് നടപ്പാക്കുന്നത്.
കയറ്റുമതിക്ക് വീണ്ടും നിയന്ത്രണം വന്നതിനാൽ ഇന്ത്യൻ സവാള മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമാവുമെന്നും വില ഉയരുമെന്നും നെസ്റ്റോ ഹൈപർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. മാർച്ചിലെ ശക്താമയ മഴ കാരണം സൂക്ഷിച്ചുവെച്ചിരുന്ന സവാളയിൽ വെള്ളം കയറുകയും നശിച്ച് പോവുകയും ചെയ്തതാണ് ക്ഷാമം നേരിടാൻ കാരണം. ഇതോടെ ഇന്ത്യൻ മാർക്കറ്റിൽ സവാളക്ക് വില വർധിച്ചിരുന്നു. പല സ്ഥലങ്ങളിലും കിലോക്ക് 80 രൂപയിലധികമായിരുന്നു വില. ഇതോടെയാണ് നികുതി ചുമത്തി കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ വിള മാർക്കറ്റിലെത്തിയതോടെ രണ്ടാഴ്ച മുമ്പ് കയറ്റു മതി നടപടി ക്രമങ്ങൾ പുനരാരംഭിച്ചിരുന്നു. എന്നാൽ, ആദ്യ വിളയായതിനാൽ ഉയർന്ന വിലയും ഗുണ നിലവാര കുറവും ആയതിനാൽ പലരും കുറഞ്ഞ തോതിൽ മാത്രമാണ്ബുക്കിങ് നടത്തിയത്. ഇന്ത്യൻ സവാള മാർക്കറ്റിലെത്തുന്നതോടെ ഗുണ നിലവാരമുള്ള സവാള ലഭിക്കുമെന്നും വില കുറയുമെന്നും പ്രതീക്ഷിക്കുന്നതിനിടയിലാണ് വീണ്ടും കയറ്റുമതി നിയന്ത്രണം വന്നത്. ഇനി പാകിസ്താൻ, തുർക്കിയ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സവാളയാണ് മാർക്കറ്റിലുണ്ടാവുക. ഇന്ത്യൻ സവാളയാണ് മികച്ചത്. അതിനാൽ ഇന്ത്യൻ സവാളക്ക് മാർക്കറ്റിൽ പ്രിയം കുടുതലാണ്. പാകിസ്താൻ സവാളയും ഗുണ നിലവാരത്തിൽ വലിയ കൂഴപ്പമില്ല. എന്നാൽ ഇന്ത്യൻ സവാള മാർക്കറ്റിൽ എത്തുന്നതോടെ മാത്രമേ വില കുറയുകയുള്ളൂ.
ഇന്ത്യൻ സവാളയിൽ ജലാംശം കുറവായതാണ് മാർക്കറ്റിൽ ഒന്നാം ഗണത്തിൽ എത്താൻ പ്രധാന കാരണം. മറ്റു സവാളകളിൽ ജലാംശം കൂടുതലാണ്. അതിനാൽ അത് വേവാനും പ്രയാസമാണെന്ന് പാചക മേഖലയിലുള്ളവർ പറയുന്നു. തുർക്കിയ സവാള കാണാൻ അഴകും വൃത്തയുമൊക്കെ ഉള്ളതാണ്. എന്നാൽ ജലാംശം ഉയർന്നത് കാരണം പല പാചകക്കാരും ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാർക്ക് താരതമ്യേന ഗുണനിലവാരമുള്ള പാകിസ്താൻ സവാളകൾ ഉപയോഗിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.