മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത കമ്പനി പ്രതിനിധികൾ അംബാസഡർ അമിത് നാരണിനോടൊപ്പം
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. അഗ്രികൾച്ചർ, പ്രോസസ്ഡ് ഫുഡ്, സ്പൈസസ്, എൻജിനീയറിങ്, കൺസ്ട്രക്ഷൻ മേഖലകളിൽനിന്നുള്ള 23 ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു. ഇൻഡോ ഗ്ലോബൽ ട്രേഡ് (ഐ.ജി.ടി.ഡി) എക്സിമിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 40 ഒമാനി കമ്പനികളും സംബന്ധിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ബിസിനസ് മീറ്റ് സഹായകമായി.
ഇന്ത്യൻ, ഒമാനി കമ്പനികൾക്ക് ഉഭയകക്ഷി വ്യാപാരവും പരസ്പര വളർച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വേദിയായും പരിപാടിമാറി. ഇന്ത്യയും ഒമാനും തമ്മിലുള്ള ദൃഢമായ വാണിജ്യ ബന്ധത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സൂചിപ്പിച്ചു. ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ, ഒമാനി കമ്പനികൾ തമ്മിലുള്ള ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള എംബസിയുടെ പ്രതിബദ്ധതയെ ക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഐ.ജി.ടി.ഡി ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ കൃഷി, സംസ്കരിച്ച ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എൻജിനീയറിങ്, നിർമാണ മേഖല എന്നിവിടങ്ങളിൽനിന്നുള്ള ബിസിനസ് പ്രതിനിധി സംഘമാണ് സന്ദർശനത്തിനായി ഒമാനിലെത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടത്.
പരസ്പര വിശ്വാസത്തിെന്റയും ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളുടെയും നീണ്ട ചരിത്രം പങ്കിടുന്ന ചരിത്രമാണ് ഇന്ത്യക്കും ഒമാനുമുള്ളത്. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇത് വ്യാപാര അളവുകളിൽ ഗണ്യമായ വളർച്ചക്കും വിവിധ മേഖലകളിലെ വൈവിധ്യവത്കരണത്തിനും കാരണമായി. തൽഫലമായി, ഉഭയകക്ഷി വ്യാപാരം 2020-21ലെ 5.4 ശതകോടി ഡോളറിൽനിന്ന് 2022-23ൽ 12.3 ശതകോടി ഡോളർ ഇരട്ടിയായി വർധിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ അളവ് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.