ഇന്ത്യൻ സ്കൂൾ സൂറിന്റെ 36ാം വാർഷികാഘോഷത്തിൽനിന്ന്
സൂർ: ഇന്ത്യൻ സ്കൂൾ സൂറിന്റെ 36ാം വാർഷികം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സൂറിലെ റോയൽ ഹാളിൽ നടന്ന പരിപാടി സ്കൂളിന്റെ നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ഉയർത്തിക്കാട്ടുന്നതായി. സൂർ മുനിസിപ്പാലിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ അലി മുഹമ്മദ് സലിം അൽ മസറൂരി മുഖ്യാതിഥിയായി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗവും സൂർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഇൻ ചാർജുമായ എസ്. കൃഷ്ണേന്ദു, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ലാൻഡ്സ് വകുപ്പ് സെക്ഷൻ ഹെഡ് മുഹമ്മദ് അലി മുസല്ലം അൽ അലാവി, ഒമാൻ അതോറിറ്റി ഓഫ് അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഓഫ് എജുക്കേഷനിലെ സീനിയർ ക്വാളിറ്റി അഷ്വറൻസ് വിദഗ്ധൻ ഡോ.ജി.ആർ. കിരൺ എന്നിവർ വിശിഷ്ടാതിഥികളായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ റാവു, കൺവീനർ ഡോ.രാംകുമാർ, ട്രഷറർ നിശ്രീൻ ബഷീർ, അംഗങ്ങളായ എ.വി. പ്രദീപ് കുമാർ, അഡ്വ. ടി.പി.സയീദ്, ഷബീബ് മുഹമ്മദ്, പ്രമോദ് നായർ എന്നിവർ പങ്കെടുത്തു.
നിശ്രീൻ ബഷീറിന്റെ ഊഷ്മളമായ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. 2024-25 അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ അവതരിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ വളർച്ചക്ക് ഇന്ത്യൻ സ്കൂൾ സൂർ നൽകിയ സംഭാവനകളെ ഡോ. ജി.ആർ.കിരൺ അഭിനന്ദിച്ചു.
ഒരു സ്കൂളിന്റെ വിജയം അക്കാദമിക് മികവിൽ മാത്രമല്ല, വിദ്യാർഥികളുടെ സമഗ്രമായ വികസനത്തിലും ശക്തമായ ധാർമിക അടിത്തറകളുള്ള ആഗോള പൗരന്മാരാകാൻ അവരെ സജ്ജമാക്കുന്നതിലുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കുട്ടികൾക്ക് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യൻ സ്കൂൾ സൂർ മികവാർന്ന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്. കൃഷ്ണേന്ദു പറഞ്ഞു. വിദ്യാഭ്യാസത്തിൽ തുടർച്ചയായ പുരോഗതിയുടെയും നവീകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ ജാമി ശ്രീനിവാസ റാവു ചൂണ്ടിക്കാട്ടി. ഷബീബ് മുഹമ്മദ് നന്ദി പറഞ്ഞു.
അക്കാദമിക് സൂപ്പർവൈസർ ഡോ. ആർ.വി. പ്രദീപ് എഴുതിയ സ്കൂൾ ഗാനത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സ്കൂളിലെ സംഗീത അധ്യാപകൻ ബി. ഉണ്ണികൃഷ്ണൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ ഹർഷിത ചൗധരിക്ക് “സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ്’ സമ്മാനിച്ചു. സീ പ്രൈഡ് എൽ.എൽ.സിയുടെ മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ സ്പോൺസർ ചെയ്ത സ്വർണ നാണയമായിരുന്നു സമ്മാനം. കോ-കരിക്കുലാർ ആക്ടിവിറ്റീസിൽ യെല്ലോ ഹൗസ് ഓവറോൾ ട്രോഫി നേടി, ബ്ലൂ ഹൗസ് റണ്ണേഴ്സ് അപ്പായി.
ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന സ്റ്റാഫ് അംഗങ്ങളെ ലോങ് സർവീസ് അവാർഡുകൾ നൽകി ആദരിച്ചു. വിവിധ ക്ലാസുകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ കാർത്തിക് എസ്. പിള്ള (ക്ലാസ് മൂന്ന്), ആദിൽ കുര്യൻ വർഗീസ് (ക്ലാസ് നാല്), ഇൻജില അഹ്മദി (ക്ലാസ് അഞ്ച്), ഹെൽന ജോസഫ് (ക്ലാസ് ആറ്), ലോഹൻ പരീക്ക് (ക്ലാസ് എഴ്), പല്ലവി അഭിലാഷ് നായർ (എട്ട്), ഉത്തര അഭിലാഷ് നായർ (ക്ലാസ് ഒമ്പത്) ക്ഷത്രഗ്യാ പരീക്ക് (പ്ലസ് വൺ സയൻസ്), ആലിയ സർദാർ ഇബ്രാഹിം (പ്ലസ് വൺ കൊമേഴ്സ്) തുടങ്ങിയ വിദ്യാർഥികളെയും ആദരിച്ച. 2023-24 ലെ പത്താം ക്ലാസ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ സഹായിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.