മസ്കത്ത്: ഇറാനും അമേരിക്കയും തമ്മിൽ ആണവവിഷയത്തിൽ ചർച്ച നടത്താനുള്ള തീരുമാനവും യുക്രെയ്ൻ അതിർത്തിയിൽനിന്ന് റഷ്യൻ സേനാ പിന്മാറ്റവും എണ്ണവില കുറയാൻ കാരണമാക്കും. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ നാലുവർഷമായി ഇറാന് ആഗോളവിലക്ക് നിലവിലുണ്ട്. വിലക്ക് പിൻവലിക്കുന്നതോടെ ഇറാൻ എണ്ണ സുലഭമായി ലോക വിപണിയിലേക്ക് എത്തും. നിലവിൽ ഇറാനും ദക്ഷിണ കൊറിയയും തമ്മിൽ കരാറുണ്ടാക്കാനുള്ള നീക്കത്തിലാണ്. ദക്ഷിണ കൊറിയ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇറാനിൽനിന്നാണ്.
യുക്രെയ്ൻ പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങുന്നതും ലോക മാർക്കറ്റിൽ എണ്ണവില കുറയാൻ കാരണമായി. യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈന്യം അഭ്യാസപ്രകടനം നടത്തുകയും സേന തമ്പടിക്കുകയും ചെയ്തത് ലോക രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതോടെ, എണ്ണവില ലോക മാർക്കറ്റിൽ 96 ഡോളറിൽ എത്തിയിരുന്നു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വില 100 ഡോളറിൽ എത്തുമെന്നും വിദഗ്ധർ പ്രവചിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ചയോടെ റഷ്യൻ സൈന്യം അതിർത്തിയിൽനിന്ന് പിൻമാറി. അതോടെയാണ് ലോക മാർക്കറ്റിൽ എണ്ണവില കുറയാൻ തുടങ്ങിയത്. ഒറ്റ ദിവസം രണ്ട് ഡോളറാണ് ലോകവിപണിയിൽ വിലകുറഞ്ഞത്.
പ്രശ്നം പരിഹരിക്കുന്നതോടെ ഇറാൻ എണ്ണ വിപണിയിലെത്തും. ദിവസവും അഞ്ചുലക്ഷം ബാരൽ എണ്ണയാണ് ഇറാൻ കയറ്റി അയക്കുക. ഇറാൻ ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ പരന്നതോടെ തന്നെ ലോകവിപണിയിൽ ബാരലിന് 93 ഡോളർ എന്ന വില പെട്ടെന്ന് 91.7 ലേക്ക് കുറഞ്ഞിരുന്നു.
എന്നാൽ, ഇറാൻ ചർച്ച പരാജയപ്പെട്ടാൽ എണ്ണ വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എണ്ണവില കുറയുന്നത് റിയാലിന്റെ വിനിമയ നിരക്ക് കുറയാൻ കാരണമാവും. ലോത്തിലെ വിവിധ പ്രതിസന്ധി കാരണം റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ ബുധനാഴ്ച രാവിലെ 196.25 രൂപ വരെ എത്തിയിരുന്നു. എന്നാൽ, ബുധനാഴ്ച ഉച്ച മുതൽ തന്നെ റിയാലിന്റെ വിനിമയ നിരക്ക് കുറയാൻ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച റിയാലിന് 193.35 രൂപയാണ് വിനിമയ നിരക്ക്. ശനി, ഞായർ ദിവസങ്ങളിൽ ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.