മസ്കത്ത്: തെക്കൻ ബാത്തിന വിലായത്തിലെ വാദി അൽ മആവിൽ 4500 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൈതൃക- ടൂറിസം മന്ത്രാലയം ഇറ്റാലിയൻ ഗവേഷകരുമായി സഹകരിച്ചു നടത്തിയ പര്യവേക്ഷണത്തിലാണ് ഇരുമ്പ് യുഗകാലത്ത് ജീവിച്ചവർ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ കണ്ടെത്തിയത്. ഇരുമ്പ് യുഗത്തിൽ ഈ മേഖലയിൽ ജനങ്ങൾ ജീവിച്ചിരുന്നതിനും അവരുടെ സംസ്കാരം ഏറെ മഹനീയമായിരുന്നതിനും പ്രധാന തെളിവാണിത്.
പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ ഉത്ഖനനത്തിൽ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. മൺ പാത്രങ്ങൾ, വെള്ള ജപമാലകൾ, കല്ലു കൊണ്ടുണ്ടാക്കിയ ജപമാലകൾ എന്നിവയിതിലുൾപ്പെടും. ഇതെല്ലാം ഇരുമ്പ് യുഗത്തിലുള്ളതാണെന്നാണ് കണക്കാക്കുന്നത്. പുരാതനകാലത്ത് ഈ മേഖലയിൽ ജീവിച്ചവരുടെ അവശിഷ്ഠങ്ങൾ കണ്ടെത്താനും അവരുടെ ജീവിത രീതി അടുത്തറിയാനുമാണ് ഈ ഗവേഷണങ്ങളും കുഴിച്ചെടുക്കലുകളും നടത്തുന്നതെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഗവേഷണങ്ങളിലൂടെയും പര്യവേഷണങ്ങളിലൂടെയും ലഭിക്കുന്ന ഇത്തരം കണ്ടെത്തലുകൾ വിലായത്തിന്റെ ടൂറിസം സാധ്യത വർധിപ്പിക്കും. ഇത്തരം പുരാതനകാല വസ്തുക്കൾ കണാൻ നിരവധി പേരെത്തുകയും ചെയ്യും. ഒമാൻ പൊതുവെ പഴയ കാല ശേഷിപ്പുകൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രധാന്യം നൽകുന്ന രാജ്യമാണ്.
പുരാതന കാലത്തെ നിരവധി കോട്ടടകളും, ഫലജുകളും മസ്ജിദുകളും വീടുകളും ഒമാനിലുണ്ട്. ഇവ സംരക്ഷിക്കുന്നതിലും പുതുക്കി പണിയുന്നതിലും വൻ പ്രധാന്യമാണ് ഒമാൻ അധികൃതർ നൽകുന്നത്. ഇത്തരം സ്മാരകങ്ങൾ പുതുക്കി പണിയുമ്പോൾ വൻതുക ചെലവിട്ട് അവയുടെ പഴമ ചോർന്നു പോവാത്ത രീതിയിലാണ് നിർമിക്കുന്നത്. ഒമാനിലെ പൊതുജനങ്ങളും ഇവ സംരക്ഷിക്കുന്നതിലും കേടുവരാതെ സൂക്ഷിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. ഇതു കൊണ്ടാണ് ഒമാനിലെ എല്ലാ ഭാഗങ്ങളിലും പുരാതന കാലത്തെ സ്മാരകങ്ങൾ കേടുവരാതെ നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.